വീട്ടിന് മുകളില്‍ 'അന്യഗ്രഹജീവികളുടെ വാഹനം'; പ്രധാനമന്ത്രിയുടെ സഹായം തേടി ഒരു വ്യക്തി
പൂനെയ്ക്ക് അടുത്ത് കോത്റൂഡ് പ്രദേശത്തെ സ്വദേശിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍ അയച്ചത്
പൂനെ: വീടിന് മുകളില്‍ അന്യഗ്രഹജീവികളുടെ വാഹനം കണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി പൂനെയില്‍ നിന്നുള്ള 47 വയസുകാരന്‍. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
സംഭവം ഇങ്ങനെ, പൂനെയ്ക്ക് അടുത്ത് കോത്റൂഡ് പ്രദേശത്തെ സ്വദേശിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍ അയച്ചത്. തന്‍റെ വീട്ടിന് പുറത്ത് അന്യഗ്രഹജീവികളുടെതെന്ന് തോന്നിക്കുന്ന വസ്തു കണ്ടെന്നും അതില്‍ ഗൌരവമായ അന്വേഷണം വേണമെന്നുമായിരുന്നു മെയിലിന്‍റെ ഉള്ളടക്കം. മെയില്‍ ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് മഹാരാഷ്ട്ര സര്‍ക്കാറിന് കൈമാറി.
തുടര്‍ന്ന് സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്രയിലെ സിന്‍ഗാദ് റോഡ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അന്വേഷണം നടത്തി. മെയില്‍ അയച്ച വ്യക്തിയെ പൊലീസ് കണ്ടെത്തി. കുറച്ച് വര്‍ഷം മുന്‍പ് മസ്തിഷ്കാഘാതം സംഭവിച്ച വ്യക്തിയാണ് അദ്ദേഹം അതിന് ശേഷം ഇയാള്‍ക്ക് അകാരണമായ ഭയം അനുഭവപ്പെടാറുണ്ട്. ഇയാളുടെ വീടിന് പുറത്തുകണ്ട ചില കാഴ്ചകളില്‍ ഭയം തോന്നിയാണ് ഇയാള്‍ മെയില്‍ അയച്ചത് എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയച്ചത് വീട്ടുകാര്‍ക്ക് പോലും അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.
"