ഒടുവില്‍ മരണം 'തിരഞ്ഞെടുക്കാനും' യന്ത്രം അവതരിപ്പിച്ചു
- ആത്മഹത്യ യന്ത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമാകുന്നു. ആംസ്റ്റഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോ എന്ന് പേരിട്ടിരിക്കുന്ന ഈ മരണയന്ത്രം അവതരിപ്പിച്ചിച്ചത്
ആംസ്റ്റഡാം: ആത്മഹത്യ യന്ത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമാകുന്നു. ആംസ്റ്റഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോ എന്ന് പേരിട്ടിരിക്കുന്ന ഈ മരണയന്ത്രം അവതരിപ്പിച്ചിച്ചത്. ഓസ്ട്രേലിയന്‍ ഗവേഷകന്‍ ഫിലിപ് നിറ്റ്ഷ്‌കേയാണ് ഈ യന്ത്രം നിര്‍മിച്ചിരിക്കുന്നത്. ത്രിഡി പ്രിന്‍റില്‍ നിര്‍മിച്ച യന്ത്രം ജീവന്‍ അവസാനിപ്പിക്കാനുള്ളതാണെന്ന് പൊതുവേദിയില്‍ നിറ്റ്ഷ്‌കേ പ്രഖ്യാപിച്ചു. എന്നാല്‍ യന്ത്രം ഉപയോഗിക്കുന്നവര്‍. വെബ് സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നിറ്റ്ഷ്‌കേ പറയുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യ കോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് വിവരിക്കുന്നത്.
വെര്‍ച്ചുല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് തങ്ങള്‍ക്കിഷ്ടമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ട് മരിക്കാനുള്ള അവസരവും ഈ യന്ത്രം നല്‍കുന്നുണ്ട്. ആല്‍പ്‌സ് പര്‍വത നിരകളുടേയോ ശാന്തമായ സമുദ്രത്തിന്റേയോ മറ്റേതെങ്കിലും പ്രകൃതി ദൃശ്യങ്ങളോ കണ്ടുകൊണ്ട് സമാധാനത്തോടെ മരണത്തിലെത്താമെന്നാണ് വാഗ്ദാനം. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ പതുക്കെ ഈ ദൃശ്യങ്ങൾ മങ്ങുകയും ചെയ്യും.
നെതര്‍ലാന്‍റ് സ്വദേശിയായ എൻജിനീയറായ അലക്‌സാണ്ടര്‍ ബാനിക്കിനാണ് ഈ യന്ത്രം രൂപകല്‍പ്പന നടത്തിയത്. നിങ്ങള്‍ക്ക് ഒരേയൊരു തവണ മാത്രമേ മരിക്കാനാകൂ. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സമാധാനത്തോടെ സ്വന്തം ഇഷ്ടത്തില്‍ മരണം തിരഞ്ഞെടുത്തുകൂടെന്നാണ് ഡോ. നിറ്റ്ഷ്‌കേയുടെ ചോദ്യം. മരണയന്ത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുകയാണ്.
ആത്മഹത്യയെ മിക്കവാറും രാജ്യങ്ങള്‍ കുറ്റമായാണ് കാണുന്നത്. ആ കുറ്റകൃത്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ യന്ത്രമെന്നാണ് വിമര്‍ശനം. ഒരു പൊതുവേദിയില്‍ ഇത്തരം യന്ത്രങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. 1995ല്‍ ഓസ്‌ട്രേലിയൻ രോഗികളുടെ ആഗ്രഹമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മരിക്കാന്‍ സഹായിക്കാമെന്ന നിയമം പാസാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഈ നിയമത്തെ പരസ്യമായി അനുകൂലിച്ച വ്യക്തിയാണ് ഡോ. നീറ്റ്ഷ്‌കേ.