ക്ലോക്ക് അരമണിക്കൂര്‍ മുന്നോട്ട് തിരിച്ചുവച്ച് ഉത്തരകൊറിയ
- സമാധാനപാതയില്‍ നീങ്ങുന്ന ഉത്തര ദക്ഷിണ കൊറിയകള്‍ സമയം ഏകീകരിക്കുന്നു
പ്യോങ്‌യാങ്: സമാധാനപാതയില്‍ നീങ്ങുന്ന ഉത്തര ദക്ഷിണ കൊറിയകള്‍ സമയം ഏകീകരിക്കുന്നു. കൊറിയന്‍ രാജ്യങ്ങള്‍ക്കിടയിലെ സമയ വ്യത്യാസം പരിഹരിക്കപ്പെട്ടു. ഇന്നലെ രാത്രി ഉത്തര കൊറിയ സമയം അരമണിക്കൂര്‍ മുന്നോട്ട് വച്ചു ദക്ഷിണ കൊറിയയ്ക്ക് ഒപ്പമാക്കി. പ്രദേശിക സമയം രാത്രി 11.30ന് ഉത്തര കൊറിയ ഘടികാരങ്ങള്‍ അരമണിക്കൂര്‍ മുന്നോട്ടുനീക്കിയത്.
കഴിഞ്ഞയാഴ്ച നടന്ന രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയോടെ ഇരുകൂട്ടര്‍ക്കുമിടയിലുള്ള വിടവ് ഏറെക്കുറെ പരിഹരിക്കപ്പെട്ടിരുന്നു. ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഏകീകൃത കൊറിയ എന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണെന്നും കെസിഎന്‍എ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിന് കിം ജോങ് ഉന്‍ തയ്യാറായതോടെ ചര്‍ച്ചയ്ക്ക് സന്നദ്ധനാണെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ തീയതിയും സ്ഥലവും വൈകാതെ നിശ്ചയിക്കുമെന്ന് ട്രംപ് അറിയിച്ചു. ഈ മാസം 22ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിട്ടുണ്ട്.