സൂര്യനിലേക്ക് കുതിക്കാനുള്ള നാസ പദ്ധതിയുടെ വിക്ഷേപണം അവസാന നിമിഷം മാറ്റി

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം ലക്ഷ്യമിട്ട് ഇന്ന് സൂര്യനിലേക്ക് കുതിക്കാനിരുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബിന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റി.

Nasa delays launch of Parker Solar Probe

ഫ്‌ളോറിഡ: മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം ലക്ഷ്യമിട്ട് ഇന്ന് സൂര്യനിലേക്ക് കുതിക്കാനിരുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബിന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റി. സൂര്യന്‍റെ രഹസ്യങ്ങളറിയാന്‍ നാസ വിഭാവനം ചെയ്തതാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പദ്ധതി.

ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്‌റ്റേഷനില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഡെല്‍റ്റ അഞ്ച് റോക്കറ്റില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിക്കാനായിരുന്നു തീരുമാനം. 24 മണിക്കൂര്‍ കൗണ്ട് ഡൗണും തുടങ്ങി. എന്നാല്‍ അവസാന നിമിഷം വിക്ഷേപണം മാറ്റി. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് കാരണമെന്നാണ് വിശദീകരണം. വിക്ഷേപണം നാളെയുണ്ടാകുമെന്നും നാസ അറിയിച്ചിട്ടുണ്ട്. 

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന പദ്ധതിയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സെക്കന്‍റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. ഏഴ് വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം. സൂര്യന്‍റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരവാതങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നത് പ്രധാനമായും കൊറോണയാണ്. സൗരവാതങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പാര്‍ക്കര്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിനായി സൂര്യന്‍റെ 6.16 ദശലക്ഷം കിലോ മീറ്റര്‍ അടുത്തു വരെ പേടകം ചെല്ലും. അതിശക്തമായ ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രത്യേക കവചത്തോടെയാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്. 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് താങ്ങാന്‍ പേടകത്തിനാകും.

അറുപത് വര്‍ഷം മുമ്പ് തുടങ്ങിയതാണ് പാര്‍ക്കര്‍ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. എന്നാല്‍ സൂര്യനോട് ഇത്രയും അടുത്ത് ചെല്ലാനുള്ള സാങ്കേതിക മികവ് ഇപ്പോഴാണ് ശാസ്ത്രം കൈവരിച്ചത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പേടകത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും പദ്ധതിയുണ്ട്. സോളോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ബ്രിട്ടണില്‍ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. 2020 ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ ഇന്ത്യയും സൗരപദ്ധതി വികസിപ്പിക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios