പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം, തീപ്പിടുത്തം; ഞെട്ടി ജപ്പാന്‍
പൊട്ടിത്തെറിയിലും തീപ്പിടുത്തത്തിലും ആര്‍ക്കും പരിക്കില്ല, വിക്ഷേപണ കേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ട്
ടോക്കിയോ: റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഞെട്ടി ജപ്പാന്‍ ബഹിരാകാശ ഏജന്‍സി. എപ്‌സിലോണ്‍ എസ് റോക്കറ്റ് പരീക്ഷണത്തിനിടെയുണ്ടായ പൊട്ടിത്തെറി തനേഗാഷിമ സ്പേസ് സെന്‍ററില്‍ വന്‍ തീപ്പിടുത്തത്തിന് കാരണമായതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ജപ്പാന്‍റെ ബഹിരാകാശ സ്വപ്നങ്ങളില്‍ ഏറെ നിര്‍ണായകമായ റോക്കറ്റാണിത്.
പരീക്ഷണത്തിനിടെ എപ്‌സിലോണ്‍ എസ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ വിശദീകരണം. ജ്വലിപ്പിച്ചതിന് 49 സെക്കന്‍ഡുകള്‍ക്ക് ശേഷം രണ്ടാംഘട്ട മോട്ടോര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ റോക്കറ്റിന്‍റെ എഞ്ചിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബഹിരാകാശ ഏജന്‍സി കേന്ദ്രം നിലനില്‍ക്കുന്ന മലമുകളില്‍ കൂറ്റന്‍ തീജ്വാലകളും പുകയും പ്രത്യക്ഷപ്പെട്ടു.
Read more: ശുക്രന്‍ കീഴടക്കാനും ഇന്ത്യ; ശുക്രയാന്‍-1 സ്വപ്‌നപദ്ധതിക്ക് കേന്ദ്ര അനുമതി, വിക്ഷേപണം 2028ല്‍
തനേഗാഷിമ സ്പേസ് സെന്‍ററിലെ തീ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ അണച്ചു. പൊട്ടിത്തെറിയിലും തീപ്പിടുത്തത്തിലും ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ട്. എന്താണ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല എന്നും ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ എപ്‌സിലോണ്‍ പ്രൊജക്ട് മാനേജര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂലൈ മാസം എപ്‌സിലോണ്‍ എസ് എഞ്ചിന്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു. എഞ്ചിന്‍റെ ഇഗ്നിഷന്‍ സംവിധാനത്തിലുണ്ടായ പിഴവാണ് അന്ന് പരീക്ഷണം പരാജയപ്പെടാന്‍ കാരണം. എന്നാല്‍ എപ്‌സിലോണ്‍ എസ് റോക്കറ്റ് എഞ്ചിന്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്താന്‍ ഏറെ സമയമെടുത്തേക്കും എന്നാണ് ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ അനുമാനം. ഹെവി മെഷീനുകള്‍ നിര്‍മിക്കുന്ന ഐഎച്ച്ഐയുമായി സഹകരിച്ചാണ് ജപ്പാന്‍ എപ്‌സിലോണ്‍ എസ് റോക്കറ്റ് വികസിപ്പിക്കുന്നത്.
Read more: ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം