കൊവിഡ് കാലത്തും സുരക്ഷയ്ക്ക് വേണ്ടി ദിവസേന 46 ലക്ഷം ചെലവിട്ട് സുക്കർബർഗ്, പിന്നാലെ സുന്ദർ പിച്ചൈയും
ഭീഷണി സന്ദേശങ്ങൾ, ഹാക്കിങ് പരിശ്രമങ്ങൾ, ജീവാപായം തുടങ്ങി പല കാരണങ്ങളോടും മല്ലിടുന്നതിനു വേണ്ടിയാണ് സ്വതവേ ഇങ്ങനെ ഏജൻസികൾക്ക് പണം നൽകേണ്ടി വരുന്നത്.
ലോക്ക് ഡൌൺ ആയി പോക്കും വരവും ഒക്കെ കുറഞ്ഞിട്ടും, വിഐപി ബിസിനസ് ടൈക്കൂണുകളുടെ സുരക്ഷയ്ക്ക് ചെലവിടുന്ന തുക മാത്രം വർഷം ചെല്ലുന്തോറും ഏറിയേറിവരികയാണ്. സിലിക്കൺ വാലിയിലെ ഭീമന്മാർ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ചെലവിട്ട തുകകളുടെ ഒരു വിശകലനം കഴിഞ്ഞ ദിവസം protocol വെബ്‌സൈറ്റിലൂടെ പുറത്തുവരികയുണ്ടായി. ഭീഷണി സന്ദേശങ്ങൾ, ഹാക്കിങ് പരിശ്രമങ്ങൾ, ജീവാപായം തുടങ്ങി പല കാരണങ്ങളോടും മല്ലിടുന്നതിനു വേണ്ടിയാണ് സ്വതവേ ഇങ്ങനെ ഏജൻസികൾക്ക് പണം നൽകേണ്ടി വരുന്നത്.
ഇക്കൂട്ടത്തിൽ ഒന്നാമതെത്തി നില്കുന്നത് ഫേസ്‌ബുക്ക് സിഇഒ ആയ മാർക്ക് സുക്കർബർഗ് തന്നെയാണ്. 2019 -ൽ 152 കോടി രൂപയായിരുന്ന ഈ ചെലവ്, 2020 -ൽ 171 കോടി ആയി കൂടിയിരുന്നു. അതായത് ദിവസേന 46 ലക്ഷം രൂപയാണ് സുക്കർബർഗ് സ്വന്തം സുരക്ഷ ഉറപ്പിക്കാൻ വേണ്ടി ചെലവിടുന്നത്. രണ്ടാം സ്ഥാനത്ത് ഫേസ്‌ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയ ഷെറിൽ സാൻഡ്ബർഗ് ആണ്. 56 കോടിയാണ് അദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് തൊട്ടു പിന്നിലുള്ളത് 40 കോടിക്കുമേൽ ചെലവിടുന്ന ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ്. 15 കോടിക്കുമേൽ ചെലവിടുന്ന ലിഫ്റ്റ് കമ്പനി തലവൻ ജോൺ സിമ്മർ ആണ് മൂന്നാമത്. 13 കോടിയോളം ചെലവിടുന്ന ഒറാക്കിളിലെ ലാറി എലിസൺ, 12 കോടിക്ക് മേൽ ചെലവിടുന്ന സ്നാപ്പിന്റെ ഇവാൻ സ്പീജൽ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.
കൊവിഡ് കാരണം ഏർപ്പെടുത്തേണ്ടി വന്ന അധിക സംവിധാനങ്ങളാണ് സുരക്ഷാ ഏജൻസികൾ ചെലവ് കൂടാൻ പറഞ്ഞിട്ടുള്ള ഒരു കാരണം. ഫേസ്‍ബുക്കിന് സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കാലാകാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുള്ള എതിർപ്പുകളും പ്രതികാരനടപടികളും ഒക്കെ മിക്കപ്പോഴും സുക്കർബർഗിനെ നേരിട്ടാണ് ബാധിക്കുക. ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ഫോൺ രണ്ടുവർഷം മുമ്പ് വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ടെക്ക് ഭീമൻമാർ പലരും കടുത്ത ആശങ്കയിലാണ് എന്നതും സുരക്ഷാ സംവിധാനങ്ങളുടെ ചെലവേറാൻ കാരണമായിട്ടുണ്ട്.