ജീവനക്കാരെ വെട്ടിക്കുറച്ച് മൈക്രോസോഫ്റ്റ് ; കാരണം സാമ്പത്തിക അസ്ഥിരത?
ജീവനക്കാർക്ക് അയച്ച മെമ്മോയിൽ സാഹചര്യത്തെക്കുറിച്ച് നാദെല്ല വിശദികരിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് അതിന്റെ ഭാവിക്കായി "തന്ത്രപ്രധാനമായ മേഖലകളിൽ" നിക്ഷേപം തുടരുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.
10,000 ത്തോളം ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് അയച്ചു.ജീവനക്കാർക്ക് അയച്ച മെമ്മോയിൽ സാഹചര്യത്തെക്കുറിച്ച് നാദെല്ല വിശദികരിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് അതിന്റെ ഭാവിക്കായി "തന്ത്രപ്രധാനമായ മേഖലകളിൽ" നിക്ഷേപം തുടരുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.
പിരിച്ചുവിടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് 2022 ജൂൺ വരെ 221,000 ജീവനക്കാരുണ്ടായിരുന്നു. യുഎസിനു പുറത്തുള്ള 99,000 പേരാണ് ഇതിലുള്ളത്.ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായും നാദെല്ല പറയുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും നാദെല്ല വാഗ്ദാനം ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാന്നിധ്യത്തെക്കുറിച്ചും മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. എല്ലാ മൈക്രോസോഫ്റ്റ് ജീവനക്കാർക്കും അവരുടെ അർപ്പണബോധത്തിനും സഹിഷ്ണുതയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മെമ്മോ അവസാനിക്കുന്നത്.
സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ നേരത്തെ വെട്ടിക്കുറച്ചിരുന്നു.ആമസോണിന്റെ റീട്ടെയിൽ ഡിവിഷനും റിക്രൂട്ടിംഗ് പോലുള്ള ഹ്യൂമൻ റിസോഴ്‌സ് പ്രവർത്തനങ്ങളിലുമുള്ളവരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്..
ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടൽ സംഭവിച്ചാൽ, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാൽ ആ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമായിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. വരുമാന വ്യത്യാസത്തോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറഞ്ഞുവരുന്നുണ്ട്. നിലവിൽ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആമസോണിനെ കൂടാതെ മെറ്റ, ട്വിറ്റർ തുടങ്ങി നിരവധി കമ്പനികൾ പിരിച്ചുവിടൽ തുടരുന്നുണ്ട്.
Read Also: പോൺ കാണുന്നവരിൽ കുട്ടികളും ; സർവേ ഫലം പുറത്ത്