ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന്
അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം ആര്‍ച്ച് ഡാമിന് സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂര്‍വ്വ സ്ഥിതിയിലെത്താറുമുണ്ട്
തിരുവനന്തപുരം: ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തലെന്ന് റിപ്പോര്‍ട്ട്‍. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം ആര്‍ച്ച് ഡാമിന് സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂര്‍വ്വ സ്ഥിതിയിലെത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഡാം പൂര്‍വ്വ അവസ്ഥയില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു പത്രമാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡാം പൂര്‍ണ സംഭരണശേഷിയിലെത്തുമ്പോള്‍ 20 മുതല്‍ 40 മി.മീറ്റര്‍വരെ ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മ്മാണ തത്വം. എന്നാല്‍ , ‘അപ്സ്ട്രീമില്‍’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൗണ്‍ സ്ട്രീമില്‍’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തല്‍.
1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു. രൂപകല്‍പന നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡാമിന്‍റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
വ്യതിയാന തകരാറില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. കനേഡിയന്‍ കമ്പനിയായ സര്‍വേയര്‍ ട്രിനിഗര്‍ ഷെനിവര്‍ട്ടാണ് (എസ്.എന്‍.സി) ഇടുക്കി ഡാം രൂപകല്‍പന ചെയ്തത്. ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലിയതുമായ ആര്‍ച്ച് ഡാമാണ് ഇടുക്കി അണക്കെട്ട്.