ഓഹരികൾ പൂർണമായും വിറ്റഴിച്ചു; ഫ്ലിപ്‍കാർട്ടിൽ നിന്ന് പടിയിറങ്ങി സഹസ്ഥാപകൻ ബിന്നി ബൻസാൽ
ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേയിൽ നിക്ഷേപമുള്ള ബിന്നി ബൻസാൽ നിലവിൽ കമ്പനിയുടെ ബോർഡംഗം കൂടിയാണ്. ഫോൺപേയും വാൾമാർട്ടിന്റെതാണ് ഇപ്പോൾ. ഫോൺ പേയുടെ ഓഹരി വർധിപ്പിക്കുകയാണ് ബിന്നിയുടെ നീക്കമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ദില്ലി: ഓഹരികൾ പൂർണമായും വിറ്റഴിച്ച് പടിയിറങ്ങിയിരിക്കുകയാണ് ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാൽ. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്ന് പടിയിറങ്ങിയിട്ടുണ്ട്. വാൾമാർട്ടിന് മൂവരും തങ്ങളുടെ ഓഹരികൾ വിറ്റു കഴിഞ്ഞു. 2018 ലാണ് ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനായ സച്ചിൻ ബൻസാൽ കമ്പനി വിട്ടത്. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന് വിറ്റതിന് പിന്നാലെയായിരുന്നു സച്ചിന്റെ പടിയിറക്കം.
പക്ഷേ ഇടപാടിന് ശേഷവും തന്റെ ഓഹരിയുടെ ഒരു ചെറിയ ഭാഗം കൈവശം വച്ചിരുന്ന ബിന്നി പിന്നെയും ഫ്ലിപ്കാർട്ടിൽ തുടർന്നു. സ്ഥാപകരായ ബിന്നിക്കും സച്ചിനും ആകെ 15 ശതമാനത്തിൽ താഴെ ഓഹരിയാണ് ഫ്ലിപ്കാർട്ടിലുണ്ടായിരുന്നത്. ഇനിമുതൽ സച്ചിൻ ബൻസാലി ജോഡിയില്ലാതെയാകും ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം. അമേരിക്കൻ ഇകൊമേഴ്സ് കമ്പനി പൂർണമായും നിലവിൽ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കി കഴിഞ്ഞു. ഡൽഹി ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സച്ചിനും ബിന്നിയും. ഇരുവരും ചേർന്ന് 2007ലായിരുന്നു ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്കാർട്ട് ആരംഭിച്ചത്.
തുടക്കകാലത്ത് രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു കമ്പനിയുടെ ശ്രദ്ധ. പതിയെ പതിയെ കമ്പനി ജനപ്രീതി നേടാൻ തുടങ്ങിയതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്കാർട്ട്.ഫ്ലിപ്കാർട്ടിൽ നിന്ന് പടിയിറങ്ങിയ സച്ചിൻ ബൻസാൽ2018-ൽ നവി എന്ന ഫിൻടെക് കമ്പനിയും ആരംഭിച്ചു. ഫ്ലിപ്കാർട്ടിനെ വാൾമാർട്ടിന് വിറ്റതിലൂടെ അദ്ദേഹത്തിന് ലഭിച്ചത് 1.5 ബില്യൺ ഡോളറാണ്. ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേയിൽ നിക്ഷേപമുള്ള ബിന്നി ബൻസാൽ നിലവിൽ കമ്പനിയുടെ ബോർഡംഗം കൂടിയാണ്. ഫോൺപേയും വാൾമാർട്ടിന്റെതാണ് ഇപ്പോൾ. ഫോൺ പേയുടെ ഓഹരി വർധിപ്പിക്കുകയാണ് ബിന്നിയുടെ നീക്കമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
Read More : സിനിമ സ്റ്റൈൽ ചേസിംഗ്; മലപ്പുറത്ത് നിന്ന് ചന്ദനം കടത്തി, 150 കി.മി പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്