Asianet News MalayalamAsianet News Malayalam

കോളിനും നെറ്റിനും വില കൂടും; ജിയോയ്‌ക്ക് പിന്നാലെ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ മറ്റ് കമ്പനികളും

ഇത്തവണ താരിഫ് നിരക്ക് വര്‍ധനയ്ക്ക് റിലയന്‍സ് ജിയോയാണ് തുടക്കമിട്ടിരിക്കുന്നത്

Airtel and Vodafone Idea to increase data plans tariffs after Jio
Author
First Published Jun 28, 2024, 8:06 AM IST

മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 2019ലായിരുന്നു അതിന് മുമ്പ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. 

ഇത്തവണ താരിഫ് നിരക്ക് വര്‍ധനയ്ക്ക് റിലയന്‍സ് ജിയോയാണ് തുടക്കമിട്ടിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയർന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 

ജിയോ വിവിധ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപ ഇനിമുതല്‍ നല്‍കണം. അതേ കാലയളവിൽ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 209 രൂപയ്‌ക്ക് പകരം 249 രൂപ നല്‍കേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന്‍റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരുന്നതും 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയ്ക്ക് പകരം 349 രൂപ നല്‍കേണ്ടിവരുന്നതും പുതിയ മാറ്റത്തിലുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റ പ്ലാനിന് 349 രൂപയ്ക്ക് പകരം 399 രൂപയും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയ്ക്ക് പകരം 449 രൂപയും ഇനിമുതല്‍ നല്‍കണം. 

ദൈർഘ്യമേറിയ പ്ലാനുകളിലും ജിയോ വില വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയാകും. പ്രതിദിനം 2 ജിബി ഉപയോഗിക്കാനാവുന്ന പ്ലാനിന്‍റെ തുക 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയിൽ നിന്ന് 479 രൂപയിലെത്തുന്നതും പുതിയ നിരക്ക് വര്‍ധനവില്‍ പ്രകടമാകുന്ന വലിയ മാറ്റമാണ്. 

Read more: ജിയോ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകി മുകേഷ് അംബാനി; റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios