Asianet News MalayalamAsianet News Malayalam

ഡെന്‍മാര്‍ക്കിനെ തീര്‍ത്ത് ജര്‍മനി യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍! നിലവിലെ ചാംപ്യന്മാരായ ഇറ്റലി പുറത്ത്

ജയിച്ചത് ജര്‍മനിയെങ്കില്‍ മത്സരത്തില്‍ ആദ്യം വല കുലുക്കിയത് ഡെന്‍മാര്‍ക്കായിരുന്നു. 48-ാം ജ്വാകിം ആന്‍ഡേഴ്‌സണ്‍ ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടി ആഘോഷം തുടങ്ങിയിരുന്നു.

germany into the quarter finals of euro cup after beating denmark
Author
First Published Jun 30, 2024, 3:21 AM IST

മ്യൂണിക്ക്: ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. കായ് ഹാവെര്‍ട്്‌സ്, ജമാല്‍ മുസിയാല എന്നിവരാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്. അതേസമയം നിലവിലെ ചാംപ്യന്മാരായ ഇറ്റലി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയെ തോല്‍പ്പിച്ചത്. റെമോ ഫ്രലേര്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്. 

ജയിച്ചത് ജര്‍മനിയെങ്കില്‍ മത്സരത്തില്‍ ആദ്യം വല കുലുക്കിയത് ഡെന്‍മാര്‍ക്കായിരുന്നു. 48-ാം ജ്വാകിം ആന്‍ഡേഴ്‌സണ്‍ ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടി ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ താരം ഓഫ് സൈഡാണെന്ന് തെളിഞ്ഞു. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ജര്‍മനി മത്സരത്തില്‍ ലീഡെടുത്തു. ജര്‍മന്‍ താരത്തിന്റെ ക്രോസ് ഡാനിഷ് ബോക്‌സിലുണ്ടായിരുന്നു ആന്‍ഡേഴ്‌സണിന്റെ കയ്യില്‍ കൊള്ളുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ ചൂണ്ടി. ഹാവെര്‍ട്‌സിന് പിഴച്ചില്ല. ജര്‍മനി മുന്നില്‍. 

68ആം മിനിറ്റില്‍ മുസിയാലയുടെ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മനി ലീഡൂയര്‍ത്തി. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. ഷ്‌ളോട്ടര്‍ബെക്കിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. ഇതിനു ശേഷവും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച ജര്‍മനിക്ക് പക്ഷെ അധിക ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. 

ഇറ്റലിക്കെതിരെ രണ്ട് പാദങ്ങളിലുമായിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ വര്‍ഗാസിന്റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. ഫ്രലേറുടെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണറുമയുടെ കൈകളില്‍ തട്ടി വലയിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിജയമുറപ്പിച്ച ഗോളും പിറന്നു. ഇത്തവണ മൈക്കല്‍ എബിഷേറാണ് ഗോളിന് വഴിയൊരുക്കിയത്. വാര്‍ഗാസ് നിറയൊഴിച്ചതോടെ ഇറ്റലിയുടെ പതനം പൂര്‍ണം.

Latest Videos
Follow Us:
Download App:
  • android
  • ios