Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഇനി മൊഴിമാറ്റം ഈസി; പുതുതായി 110 ഭാഷകള്‍, ഏഴെണ്ണം ഇന്ത്യയില്‍ നിന്ന്

പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍

Google Translate adds 110 new languages including 7 indian languages
Author
First Published Jun 29, 2024, 10:53 AM IST

അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്‍റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്‌ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഗൂഗിളിന്‍റെ ട്രാന്‍സ്‌ലേഷന്‍ ടൂളില്‍ വരുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. 

പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയുള്ള പാം 2 എല്‍എല്‍എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്‌‌ഡേഷന്‍. 2022 നവംബറിലായിരുന്നു ഗൂഗിള്‍ ഈ സ്വപ്നം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകള്‍ എഐ സഹായത്തോടെ ഉള്‍ക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 110 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തത് ഈ പദ്ധതിയിലെ വലിയ മുന്നേറ്റമാണ്. 

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലെ പുതിയ 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാന്‍സ്‌ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് ചേര്‍ക്കാന്‍ ഗൂഗിള്‍ വളണ്ടിയര്‍മാരുടെ സഹായം ഭാവിയില്‍ ഗൂഗിള്‍ തേടും. കൂടുതല്‍ ആളുകളിലേക്ക് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ എത്തിക്കാന്‍ പുതിയ നീക്കം വഴി കഴിയും എന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ. 

Read more: മികച്ച ബാറ്ററിയും അതിവേഗ ചാര്‍ജിംഗുമാണോ ലക്ഷ്യം; ഇതാ പറ്റിയ ഫോണ്‍, 24 ജിബി റാമും സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios