അന്ന് 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയൽസ് ടീമിലെടുത്ത താരത്തിന്‍റെ ആസ്തി 70000 കോടി, ഇന്ത്യയിലെ ധനികനായ താരം
2018ലെ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വെറും 30 ലക്ഷം രൂപക്ക് ടീമിലെത്തിച്ച താരമാണ് ആര്യമാന്‍ ബിര്‍ള.
ജയ്പൂര്‍: കോടിക്കിലുക്കം കണ്ട ഐപിഎല്‍ താരലേലത്തില്‍ റിഷഭ് പന്തിനെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 27 കോടിക്കും ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്സ് 26.75 കോടിക്കും വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത 23.75 കോടിക്കും ടീമിലെത്തിച്ചപ്പോൾ ആരാധകര്‍ ശരിക്കും അമ്പരന്നിട്ടുണ്ടാകും.പതിമൂന്നുകാരന്‍ വൈഭ് സൂര്യവന്‍ശിയെ പോലെ ഐപിഎല്ലിലൂടെ താരങ്ങള്‍ കോടിപതികളാകുന്ന കാലത്ത് ആരാകും ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരമെന്ന് നോക്കുന്നത് രസകരമായ കാര്യമാണ്. ഐപിഎല്ലിന്‍റെ വരവോടെ സമ്പത്തിന്‍റെ കാര്യത്തില്‍ വിരാട് കോലിയും എം എസ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ഇവരാരുമല്ല.
അത് 22-ാം വയസില്‍ ക്രിക്കറ്റ് മതിയാക്കിയ മറ്റൊരു യുവതാരമാണ്. 2018ലെ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വെറും 30 ലക്ഷം രൂപക്ക് ടീമിലെത്തിച്ച ആര്യമാന്‍ ബിര്‍ള. 4.95 ലക്ഷം കോടി ആസ്തിമൂല്യവും 1,40000 ജീവനക്കാരുമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഉടമ കുമാരമംഗലം ബിര്‍ളയുടെ മകനാണ് 21-ാം വയസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ ആര്യമാന്‍ ബിര്‍ള. 70000 കോടി രൂപയാണ് ആര്യമാന്‍ ബിര്‍ളയുടെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറി പോലും ഇല്ലാതിരുന്ന ആര്യമാനെ 2018ല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. മധ്യപ്രദേശിനായി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ആര്യമാന്‍ രഞ്ജി അരങ്ങേറ്റത്തില്‍ രജത് പാടീദാറിനൊപ്പം 72 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. 16 റണ്‍സെടുത്ത് പുറത്തായ ആര്യമാന്‍ ഫസ്റ്റ് ക്ലാസ് കരിയറില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 414 റണ്‍സും നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ 36 റണ്‍സും മാത്രമാണ് നേടിയത്. എന്നിട്ടും ആര്യമാനെ രാജസ്ഥാന്‍ ടീമിലെടുത്തു.
മലയാളി താരം സഞ്ജു സാംസണിന്‍റെ സഹതാരമായി ഒരു സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് ആര്യമാന്‍റെ പേര് അധികമാരും കേട്ടില്ല. ചില മത്സരങ്ങളില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയതൊഴിച്ചാല്‍ ആര്യമാന് ആദ്യ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. 2019ല്‍ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത ഇടവേളയെടുക്കുകയായിരുന്നു ആര്യമാന്‍. മാനസിക സമ്മര്‍ദ്ധവും ഉത്കണ്ഠ രോഗവും കാരണമാണ് ആര്യമാന്‍ ക്രിക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ഇടവേളയെടുത്തത്. 2019ല്‍ ഒരു ട്വീറ്റിലൂടെയാണ് ആര്യമാന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളടെുക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്.
സര്‍ഫറാസിന്‍റെ പുറത്താകല്‍ കണ്ട് രോഹിത് പൊട്ടിക്കരഞ്ഞോ?; വീഡിയോ കണ്ട് ആശയക്കുഴപ്പത്തില്‍ ആരാധകരും
ശരിയായ സമയത്ത് ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന് ആര്യമാന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇതുവരെ പ്രഫഷണല്‍ ക്രിക്കറ്റില്‍ ആര്യമാന്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആര്യമാനെയും സഹോദരി അനന്യ ബിര്‍ളയെയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക