40-ാം വയസില്‍ പോലും സച്ചിന്‍ അതിന് തയാറായി, ഫോം ഔട്ടായിട്ടും കോലിയും രോഹിത്തും ഒരിക്കലും അതിന് തയാറല്ല

12 വര്‍ഷത്തിനുശേഷം നാട്ടിലൊരു ടെസ്റ്റ് പരമ്പര തോല്‍ക്കാന്‍ കാരണം, ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞതുപോലെ എല്ലാവര്‍ക്കുമുള്ളതുപോലെ ഒരു മോശം ദിവസം മാത്രമാണോ?.

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Played
Author
First Published Oct 28, 2024, 11:06 AM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് വിശകലനം ചെയ്യുന്ന തിരക്കിലാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം.12 വര്‍ഷത്തിനുശേഷം നാട്ടിലൊരു ടെസ്റ്റ് പരമ്പര തോല്‍ക്കാന്‍ കാരണം, ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞതുപോലെ എല്ലാവര്‍ക്കുമുള്ളതുപോലെ ഒരു മോശം ദിവസം മാത്രമാണോ?. അതാണെങ്കില്‍ ക്ഷമിക്കാവുന്നതല്ലേ എന്നാണ് ഉത്തരമെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിക്കു നേരെ കണ്ണടക്കുന്നതിന് തുല്യമാകും അത്.

ന്യൂസിലന്‍ഡിനെതിരായ പരമ്പര മാത്രമെടുത്താല്‍ ആദ്യ ടെസ്റ്റില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ മുട്ടുമടക്കിയത് കിവീസ് പേസര്‍മാരായ മാറ്റ് ഹെന്‍റിക്കും വില്യം ഒറൂക്കെക്കും മുമ്പിലായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം നടത്തി തിരിച്ചുവന്നെങ്കിലും ടെസ്റ്റ് ജയിക്കാനായില്ല. ബെംഗളൂരുവില്‍ കിവീസ് പേസര്‍മാര്‍ രണ്ട് ഇന്നിംഗ്സിലുമായി എറിഞ്ഞിട്ടത് ഇന്ത്യയുടെ 17 വിക്കറ്റുകളാണ്. പേസര്‍മാരെ കണ്ട് മുട്ടിടിച്ച് പൂനെയില്‍ സ്പിന്‍ പിച്ചുണ്ടാക്കിയപ്പോഴോ, കിവീസ് സ്പിന്നറായ മിച്ചല്‍ സാന്‍റ്നര്‍ മാത്രം എറിഞ്ഞിട്ടത് ഇന്ത്യയുടെ 13 വിക്കറ്റുകള്‍. കിവീസ് സ്പിന്നര്‍മാരാകെ നേടിയത് 18 വിക്കറ്റുകളും. എങ്ങനെയാണ് സ്പിന്നിനും പേസിനും മുമ്പില്‍ ഇന്ത്യ ഒരുപോലെ പതറുന്നത്. അതിനുള്ള ഉത്തരമാണ് ഇന്ത്യൻ ടീമും കോച്ച് ഗൗതം ഗംഭീറുമെല്ലാം ഇപ്പോഴും തേടുന്നത്. എന്നാലതിനുള്ള ഉത്തരത്തിനായി ഗംഭീറോ ഇന്ത്യൻ ടീം മാനേജ്മെന്‍റോ ഒന്നും ബൗണ്ടറി കടന്ന് ചിന്തിക്കേണ്ടതില്ല എന്നതാണ് രസകരമായ കാര്യം. ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോകു, ഫോം തിരിച്ചുപിടിച്ച് മടങ്ങി വരൂ എന്ന് പറഞ്ഞുകേട്ട പഴയ കുറിപ്പടിയിലെ ഒറ്റമൂലി തന്നെയാണ് അതിനുള്ള ഒരേയൊരു മരുന്ന്. പക്ഷെ അതിന് രോഹിത്തോ കോലിയോ തയാറാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

രഞ്ജി ട്രോഫി വേണ്ട, ഐപിഎല്‍ മതി

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedവിടവാങ്ങള്‍ ടെസ്റ്റ് കളിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ തന്‍റെ നാല്‍പതാം വയസില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസം താരം രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാനിറങ്ങിയെന്ന് കേട്ടാല്‍ ഐപിഎല്‍ ബേബികളായ എത്രപേര്‍ക്കത് വിശ്വസിക്കാനാവും. 2013 ഒക്ടോബര്‍ 27 മുതല്‍ 30 വരെ ഹരിയാനക്കെതിരെ നടന്ന  രഞ്ജി മത്സരത്തിലായിരുന്നു സച്ചിന്‍ മുംബൈക്കായി കളിച്ചത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ സച്ചിന്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 79 റണ്‍സടിച്ച് മുംബൈയുടെ നാലു വിക്കറ്റ് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. അതിനുശേഷം കൃത്യം 15 ദിവസങ്ങള്‍ക്ക് അപ്പുറമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ സച്ചിന്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തന്‍റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിച്ചത്. വിടവാങ്ങൽ ടെസ്റ്റില്‍ 74 റണ്‍സടിച്ച് പുറത്തായ സച്ചിന്‍ നടത്തിയ എക്കാലത്തെയും മികച്ച വിടവാങ്ങല്‍ പ്രസംഗവും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

കോലിയും രോഹിത്തുമെല്ലാം രഞ്ജിയില്‍ കളിച്ചത് ഓര്‍മയുണ്ടോ ?

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedസച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്‍റെ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കുന്നതിനും ഒരു വര്‍ഷം മുമ്പാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത് എന്ന് പറഞ്ഞാല്‍ എത്ര ആരാധകര്‍ വിശ്വസിക്കും. വിരാട് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത് 12 വര്‍ഷം മുമ്പാണ്. 2012 നവംബറില്‍ ഡല്‍ഹിക്കുവേണ്ടി ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന രഞ്ജി മത്സരം. അന്ന് 14, 43 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോര്‍. രണ്ട് ഇന്നിംഗ്സിലും അന്ന് കോലിയെ വീഴ്ത്തിയത് ഭുവനേശ്വര്‍ കുമാറായിരുന്നു.

ഇനി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ കാര്യമെടുത്താലോ 2016ലെ ദുലീപ് ട്രോഫിയിലാണ് രോഹിത് അവസാനമായി ഒരു ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിക്കാന്‍ ക്രീസിലെത്തിയത്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ലൂസിന് വേണ്ടിയായിരുന്നു അത്. മധ്യനിര ബാറ്ററായിരുന്നു അന്ന് രോഹിത്. രണ്ട് ഇന്നിംഗ്സിലുമായി നേടിയത് 30, 32* എന്നിങ്ങനെ സ്കോറുകള്‍. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് നടന്ന ദുലീപ് ട്രോഫിയില്‍ കോലിയും രോഹിത്തും കളിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇരുവര്‍ക്കും സെലക്ടര്‍മാര്‍ വിശ്രമും അനുവദിക്കുകയായിരുന്നു ചെയ്തത്.

രോഹിത്തും കോലിയും മാത്രമല്ല...

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedകോലിയും രോഹിത്തും മാത്രമല്ല, സ്പിന്നിനും പേസിനും മുമ്പില്‍ മുട്ടിടിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യം കാട്ടാറില്ല. മോശം ഫോമിന്‍റെ പേരില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുല്‍ 2020ലാണ് കര്‍ണാടകക്ക് വേണ്ടി അവസനാമായി കളിച്ചത്. മുഹമ്മദ് ഷമി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത് 2018ല്‍ കേരളത്തിനെതിരെ ആയിരുന്നു. മറ്റൊരു ഇന്ത്യൻ പേസറായ മുഹമ്മദ് സിറാജ് അവസാനമായി രഞ്ജിയില്‍ കളിച്ചത് 2020ല്‍. റിഷഭ് പന്ത് ഡല്‍ഹിക്കുവേണ്ടി രഞ്ജിട്രോഫിയില്‍ കളിച്ചത് 2017ല്‍. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന അശ്വിന്‍ തമിഴ്നാടിനുവേണ്ടി അവസാനമായി രഞ്ജിയില്‍ കളിച്ചത് 2020ലും. ടി20 ലീഗായ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ പോലും കളിക്കാന്‍ അശ്വിന്‍ താല്‍പര്യപ്പെടാറുണ്ടെങ്കിലും നാലു ദിവസം നീളുന്ന രഞ്ജിയില്‍ കളിക്കാന്‍ അശ്വിനും തയാറല്ല.

ടീമിന് പുറത്തായാല്‍ മാത്രം ആഭ്യന്തര ക്രിക്കറ്റില്‍

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താവുന്ന താരങ്ങള്‍ മാത്രമാണ് നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നത്. എങ്ങനെയും ടീമില്‍ തിരിച്ചെത്തുക എന്നത് മാത്രമാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറായത് പോലും ബിസിസിഐ കണ്ണുരുട്ടിയപ്പോള്‍ മാത്രമാണ്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിന് പിന്നില്‍ എങ്ങനെയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യവുമുണ്ട്. അതിനുള്ള സാധ്യത വിദൂരമാണെങ്കില്‍ പോലും. ആഭ്യന്തര ക്രിക്കറ്റില്‍ സ്പിന്‍ പിച്ചില്‍ കളിച്ച് തഴക്കവും പഴക്കവും വന്ന കളിക്കാരായിരുന്നു സച്ചിനും ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമെല്ലാം. അങ്ങനെയാണ് ഇന്ത്യൻ താരങ്ങള്‍ സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കരാണെന്ന പേര് കിട്ടിയതും. എന്നാല്‍ പൂനെ ടെസ്റ്റിന് പിന്നാലെ ന്യൂസിലന്‍ഡ് മുന്‍താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍ പറഞ്ഞത് നിലവിലെ ഇന്ത്യൻ താരങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രമാണ്. സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യൻ താരങ്ങള്‍ മിടുക്കരാണെന്നത് വെറും മിഥ്യാധാരണ മാത്രമാണെന്നായിരുന്നു ഡൂളിന്‍റെ വാക്കുകള്‍.

പരിക്കും തുടര്‍ച്ചയായ മത്സരങ്ങളും

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedഒന്നിന് പുറകെ ഒന്നായി പരമ്പരകള്‍ കളിക്കുന്നതിനാല്‍ പലപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യൻ താരങ്ങള്‍ക്ക് സമയം കിട്ടാറില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ടി20യിലും ഏകദിനങ്ങളിലും ഐപിഎല്ലിലുമെല്ലാം പകരക്കാരായി നിരവധി താരങ്ങളുണ്ടെങ്കിലും സീനിയര്‍ താരങ്ങളാരും ഇത്തരം പരമ്പരകളില്‍ നിന്ന് വിശ്രമം എടുക്കാന്‍ മുതിരാറില്ല. ഇനി അഥവാ സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചാല്‍ പോലും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താരങ്ങള്‍സമയം കണ്ടെത്താറുള്ളത്. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ ഒന്ന് വിശ്രമിച്ച് തിരിച്ചുവരുമ്പോഴേക്കും ടീമിലെ സ്ഥാനം ഇല്ലാതാവുമെന്ന ഭീതി ഓരോ കളിക്കാരനിലുമുണ്ട്. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് പരിക്കേറ്റാല്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഐപിഎല്‍ ലേല കമ്പോളത്തിൽ വിലയിടിയുമെന്ന ഭീതി യുവതാരങ്ങളെ പോലും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. ബിസിസിഐ താക്കീത് ചെയ്തിട്ട് പോലും ഇഷാന്‍ കിഷനെപ്പോലുള്ള താരങ്ങള്‍ രഞ്ജിയില്‍ കളിക്കാന്‍ തയാറാവാത്തതിന് കാരണവും ഇതുതന്നെയാണ്.

ഓസീസ് മാതൃക

Sachin Tendulkar last played Ranji Trophy Match just before his last test, But When did Virat Kohli and Rohit Sharma Playedഓസ്ട്രേലിയന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ പോലും ആഭ്യന്തര ക്രിക്കറ്റിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മത്സരിക്കാന്‍ തയാറാവാറുണ്ട്. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പോലുള്ള സൂപ്പര്‍ താരങ്ങള്‍ ബിഗ് ബാഷ് ലീഗ് പോലെ തന്നെ പ്രാധാന്യം ഷെഫീല്‍ഡ് ഷീല്‍ഡിനും നല്‍കാറുമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് വിരാട് കോലി തന്‍റെ പഴയ മോജോ തിരിച്ചുപിടിക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് മറ്റാരുമല്ല, അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും ആര്‍സിബിയിലെ സഹതാരവുമായിരുന്ന ദിനേശ് കാര്‍ത്തിക്കാണ്. പക്ഷെ ഓസ്ട്രേലിയക്കെതിരെ നവംബറില്‍ തുടങ്ങാനിരിക്കുന്ന നിര്‍ണായക ടെസ്റ്റ് പരമ്പരക്ക് മുമ്പ് കോലിക്കോ രോഹിത്തിനോ ഇനി അതിനുള്ള സമയമില്ല.അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനം കോലിയുടെയും രോഹിത്തിന്‍റെയും ടെസ്റ്റ് ഭാവി തന്നെ നിര്‍ണയിക്കുന്നതാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios