Asianet News MalayalamAsianet News Malayalam

മറുപടി പറയാതെ മടങ്ങിയിട്ടില്ലൊരു കാലവും; പോരാട്ടത്തിന്‍റെ പര്യായമായി വിനേഷ് ഫോഗട്ട്

തനിക്ക് ലഭിച്ചതെല്ലാം തിരികെ നൽകി മടങ്ങിയ വിനേഷ് ഒന്ന് മാത്രം ബാക്കി വച്ചു.അനീതിയോടുളള നിലയ്ക്കാത്ത പോരാട്ടം.

Vinesh Phogat, the real fighter her way to Olympic Glory
Author
First Published Aug 7, 2024, 10:16 AM IST

പാരീസ്: ഗോദയ്ക്കകത്തും പുറത്തും പോരാട്ടത്തിന്റെ പേരാണ് വിനേഷ് ഫോഗട്ട്. മാസങ്ങൾക്കു മുൻപ് ദില്ലിയിൽ തലകുനിച്ചു മടങ്ങിയ താരമിന്ന് പാരിസിൽ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയ‌‍‌‌‍ർത്തുകയാണ്. തണുത്തുറ‌ഞ്ഞ ദില്ലിയിലും ഗംഗാതീരത്തും സമരത്തിന്‍റെ തീപന്തമായവൾ, വാതിലുകളെല്ലാം മുട്ടിയിട്ടും കിട്ടാത്ത നീതിയിൽ പൊട്ടികരഞ്ഞവൾ, പാരിസിൽ ഫൈനലിനിറങ്ങുകയാണ് വിനേഷ് ഫോഗട്ട്. താണ്ടിയെത്തിയത് ലോകോത്തര താരങ്ങളെ മാത്രമല്ല, അനീതിയുടെ പെരുമഴ പെയ്തൊരു കാലം കൂടിയാണ്.

നേട്ടങ്ങളുടെ വെളളിവെളിച്ചത്തിൽ നിന്നൊരു കാലത്താണ് വിനേഷ് ഫോഗട്ടിന് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്, ജൂനിയർ താരങ്ങളടക്കം ബ്രിജ് ഭൂഷണാൽ അപമാനിതരായി എന്നൊരൊറ്റ കാരണം കൊണ്ട്. സാക്ഷി മാലിക്കും ബജ്‍രംങ് പൂനിയയുമുണ്ടായിരുന്നൊപ്പം, ഒരു വർഷം നീണ്ട സമരം ജന്തർ മന്ദിറും കടന്ന് ദില്ലിയിലെ തെരുവിലും പടർന്നെങ്കിലും അധികാര കേന്ദ്രങ്ങൾ ഉണർന്നില്ല. സാക്ഷിയും വിനേഷും തെരുവിൽ വലിച്ചിഴക്കപ്പെട്ടു.

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടും അവസരം നല്‍കി; വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് കങ്കണ

ഒടുവിൽ മെഡൽ ഒഴുക്കാൻ ഗംഗ തീരം വരെ പോയ താരങ്ങളെ കർഷകരാണ് തിരികെ വിളിച്ചത്. ഒരു വർഷം പിന്നിട്ട സമരത്തിന്‍റെ നിരാശയിൽ സാക്ഷി പ്രിയപ്പെട്ട ഗോദയോട് വിടപറഞ്ഞു. കായിക രംഗത്തെ പരമോന്നത ബഹുമതി തിരിച്ചു നൽകി ബംജ്രംങ് പൂനിയ. തനിക്ക് ലഭിച്ചതെല്ലാം തിരികെ നൽകി മടങ്ങിയ വിനേഷ് ഒന്ന് മാത്രം ബാക്കി വച്ചു.അനീതിയോടുളള നിലയ്ക്കാത്ത പോരാട്ടം.

ഒളിംപിക്സ് ഹോക്കി സെമിയിൽ ഇന്ത്യ പൊരുതി വീണു; ജർമനിയുടെ ജയം രണ്ടിനെതിരെ മൂന്ന് ഗോളിന്; ഇനി വെങ്കലമെഡൽ പോരാട്ടം

സമരമുഖത്തുനിന്നും ഗോദയിലേക്കുളള മടക്കം എളുപ്പമായിരുന്നില്ല വിനേഷിന്, ഒളിംപിക്സ് യോഗ്യതയും. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും മലർത്തിയടിക്കാനൊരു കൂട്ടമുണ്ടായിരുന്നു. യോഗ്യത നേടാൻ 53 കിലോ വിഭാഗത്തിൽ നിന്നും 50 ലേക്കുളള മടക്കം. ആദ്യ മത്സരത്തിൽ വീണത് നിലവിലെ ഒളിംപിക് ചാമ്പ്യൻ.എണ്‍പത്തിനാലു മത്സരങ്ങളിൽ തോൽവിയറിയാതെ വന്ന ജാപ്പനീസ് കരുത്ത്, ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യനും സെമിയിൽ പാൻ അമേരിക്കൻ ജേതാവും വീണു. ഇനി കലാശ പോരാട്ടം. സ്വന്തം രാജ്യത്തോട് തോറ്റുപോയവൾ ലോകം കീഴടക്കാനിറങ്ങുകയാണ്.ആ പോരാളിയുടെ പേരാണ് വിനേഷ് ഫോഗട്ട്.പാരിസിലത് ഇന്ത്യൻ പതാക വാനിലുയർത്തിയേ മടങ്ങു.മറുപടി പറയാതെ മടങ്ങിയിട്ടില്ലൊരു കാലവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios