ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ചു, സഞ്ജുവിന്‍റെ ഭാഗ്യവര്‍ഷമായി 2024; ഈ വർഷത്തെ മികച്ച 5 ഇന്നിംഗ്സുകള്‍
ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ 12 ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ചുറികളടക്കം 436 റണ്‍സുമായി ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് സഞ്ജു വര്‍ഷം അവസാനിപ്പിച്ചത്.
തിരുവനന്തപുരം: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം മലയാളി താരം സഞ്ജു സാംസണ്‍ ഉറപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. 2015ല്‍ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജു ഒമ്പത് വര്‍ഷത്തിനുശേഷമാണ് ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനിടെ നിരവധി തവണ ഇന്ത്യൻ ടീമില്‍ വന്നും പോയുമിരുന്ന സഞ്ജുവിന് സ്ഥിരമായൊരു ബാറ്റിംഗ് പൊസിഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യൻ ടി20 ടീമില്‍ ഗംഭീര്‍-സൂര്യകുമാര്‍ യാദവ് യുഗത്തില്‍ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം സഞ്ജുവിന്‍റെ കരിയറില്‍ തന്നെ വഴിത്തിരിവാകുന്നതാണ് ഈ വര്‍ഷം കണ്ടത്.
ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ 12 ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ചുറികളടക്കം 436 റണ്‍സുമായി ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് സഞ്ജു വര്‍ഷം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഐപിഎല്ലില്‍ 531 റണ്‍സുമായി റണ്‍വേട്ട നടത്തിയതിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടി. ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ ടീമിലെ മലയാളി തിളക്കമായി സഞ്ജുവുമുണ്ടായിരുന്നു. ഈ വര്‍ഷം സഞ്ജുവിന്‍റെ മികച്ച പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
കടുവകളെ ഓടിച്ചിട്ട് അടിച്ച സെഞ്ചുറി
ശ്രീലങ്കക്കെതിരായ ടി20 പരമ്പരില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിക്കുമോ എന്ന ആരാധകരുടെ ആശങ്കകളെ ബൗണ്ടറി കടത്തി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചു. ആദ്യ രണ്ട് ടി20കളില്‍ ഭേദപ്പെട്ട തുടക്കമിട്ടിട്ടും വലിയ സ്കോര്‍ നേടാന്‍ കഴിയാതിരുന്ന സഞ്ജു വീണ്ടും അവസരങ്ങള്‍ കളഞ്ഞുകുളിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടെ ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് കാത്തിരുന്ന സെഞ്ചുറി പിറന്നു. 47 പന്തില്‍ 236.1 സ്ട്രൈക്ക് റേറ്റില്‍ 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കയെ പറത്തിയ വെടിക്കെട്ട്
ബംഗ്ലാദേശിനെതിരായ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു ആദ്യ മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സടിച്ച് ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി. 214 സ്ട്രൈക്ക് റേറ്റിലായിരുന്നു ദക്ഷിണാഫ്രിക്കയെ അടിച്ചു പറത്തിയ സഞ്ജുവിന്‍റെ വെടിക്കെട്ട് സെഞ്ചുറി.
നിരാശക്ക് ശേഷം വീണ്ടും മിന്നലടി
സെഞ്ചുറിക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് കളികളില്‍ ഡക്കായി പുറത്തായ സഞ്ജു ആരാധകരെ നിരാശരാക്കിയെങ്കിലും നാലാം മത്സരത്തില്‍ തിലക് വര്‍മക്കൊപ്പം സെഞ്ചുറിയുമായി വീണ്ടും വിസ്മയിപ്പിച്ചു. 56 പന്തില്‍ 194.6 സ്ട്രൈക്ക് റേറ്റില്‍ 109 റണ്‍സായിരുന്നു സഞ്ജു നേടിയത്. ഇതോടെ ഒരു വര്‍ഷം മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു.
സിംബാബ്‌വെക്കെതിരായ സെന്‍സിബിള്‍ ഇന്നിംഗ്സ്
ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ നാലാം നമ്പറിലിറങ്ങിയ സഞ്ജു ബാറ്റിംഗ് ദുഷ്കരമായ വിക്കറ്റില്‍ 45 പന്തില്‍ 58 റണ്‍സടിച്ച് ടീമിന്‍റെ രക്ഷകനുമായി.
ഐപിഎല്ലിെ വെടിക്കെട്ട് 50
ഐപിഎല്ലില്‍ 531 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച സീസണ്‍ കളിച്ച സഞ്ജു അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. ഇതില്‍ ലഖ്നൗവിനെതിരെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 33 പന്തില്‍ 71 റണ്‍സുമായി ടീമിനെ ജയത്തിലേക്ക് നയിച്ച സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് ആരാധകര്‍ മറക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക