'99 ശതമാനം പ്രതീക്ഷ, സാങ്കേതിക കാരണങ്ങൾ തടസ്സമായി'; നാലാമത്തെ കോടതി സിറ്റിങ്ങിലും റഹീമിന്‍റെ മോചന വിധിയില്ല

ഇന്ന് കോടതിയില്‍ സിറ്റിങ് തീരുമാനിച്ചിരുന്ന എല്ലാ കേസുകളും മാറ്റിവെച്ചതോടെയാണ് റഹീമിന്‍റെ മോചന കേസിലെ വിധി പറയലും നീളുന്നത്. 

Riyadh court session for Rahim case postponed due to technical reasons

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതോടെയാണ് മോചന വിധി ഇനിയും നീളുന്നത്.

ഇന്നത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാൽ അടുത്ത സിറ്റിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയത്.  റഹീമിന്‍റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്. ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രതീക്ഷിച്ചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് 99 ശതമാനം പ്രതീക്ഷിച്ചിരുന്നതായും എല്ലാ രീതിയിലും സജ്ജമായിരുന്നെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. 

Read Also -  അബ്ദുൽ റഹീം കേസിൽ മോചന ഉത്തരവുണ്ടായില്ല; സിറ്റിങ് മാറ്റിയത് സാങ്കേതിക കാരണങ്ങൾ മൂലം

എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത്  കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയിൽ നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios