'ഈ കുട്ടി മലയാളിയാണ്'...പി വി സിന്ധുവിനെ ഏറ്റെടുത്ത് കേരളം; സ്‌നേഹത്തിന് നന്ദിപറഞ്ഞ് ലോക ചാമ്പ്യന്‍
വിമര്‍ശനങ്ങള്‍ ഇന്ധനമാക്കി കൂടുതല്‍ മികവിലേക്ക് ഉയര്‍ന്ന പി വി സിന്ധു പോരാട്ടവീര്യത്തിന്റെ മറുപേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഈ കുട്ടി മലയാളിയല്ലേ... പേരുകൊണ്ട് മലയാളി എന്നു തോന്നുമെങ്കിലും ജനനം കൊണ്ട് ഹൈദരാബാദുകാരിയാണ് പി വി സിന്ധു. രാജ്യത്ത് ഏറെ ബഹുമാനം ഏറ്റുവാങ്ങുന്ന വനിത കായികതാരങ്ങളിലൊരാള്‍. ബാഡ്‌മിന്‍റണിലെ ഇന്ത്യയുടെ ആദ്യ ലോക ജേതാവ്. എന്നാല്‍ പേരിനപ്പുറം കേരളവുമായി അഭേദ്യമായ ആത്മബന്ധമുണ്ട് ബാഡ്‌മിന്‍ണ്‍ കോര്‍ട്ടിലെ ഇന്ത്യന്‍ റാണിക്ക്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി കേരളത്തിന്‍റെ ആദരമേറ്റുവാങ്ങുമ്പോള്‍ ആ അഭേദ്യബന്ധം കൂടിയാണ് കായികചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്.
സിന്ധുവിനെ സ്വന്തം മകളായി ഏറ്റുപാടി കേരളം
ബാഡ്‌മിന്‍ററണിലെ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യന് ആവേശസ്വീകരണമാണ് കേരളക്കര നല്‍കിയത്. സിന്ധുവിനെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് ദിവസങ്ങളായി ഒരുക്കങ്ങള്‍ തകൃതിയായിരുന്നു. സ്വാഗതമോതി തിരുവനന്തപുരം നഗരത്തിലെങ്ങും ബാനറുകള്‍, മൈക്ക് അനൗണ്‍സുമെന്‍റുകള്‍. എല്ലാം സിന്ധുവിന്‍റെ പ്രിയ ആരാധകര്‍ ഏറ്റെടുത്തു. ബുധനാഴ്‌ച രാത്രി അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്തെത്തിയ സിന്ധുവിന് വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് ഗംഭീര സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ സിന്ധുവിന് അഭിവാദ്യങ്ങളര്‍പ്പിച്ച് നൂറുകണക്കിന് ആരാധകര്‍ തടിച്ചുകൂടി. പ്രിയതാരത്തെ കണ്ട ആവേശമടക്കാനാകാതെ വന്ന ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.
കുട്ടിക്ക് മലയാളമറിയാം...
സംസ്ഥാനത്തിന്‍റെ ആദരമേറ്റുവാങ്ങാനെത്തിയ സിന്ധു കേരള സന്ദര്‍ശനത്തിന് തുടക്കമിട്ടത് ക്ഷേത്ര സന്ദര്‍ശനത്തോടെയാണ്. മുന്‍ നിശ്‌ചയിച്ച പ്രകാരം പി വി സിന്ധു പദ്‌മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തി. എന്നാല്‍ ക്ഷേത്രപരിസരത്ത് സിന്ധുവിനെ കണ്ട ആരാധകര്‍ക്ക് വീണ്ടും ആ സംശയം ഉദിച്ചു. ഈ കുട്ടി മലയാളിയല്ലേ...തനത് കേരള സ്റ്റൈലില്‍ തലയില്‍ മുല്ലപ്പൂ ചാടി, സെറ്റ് സാരിയണിഞ്ഞ്, കൈകൂപ്പിയാണ് സിന്ധു ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
കേരളത്തിന്‍റെ സ്‌നേഹാദരം ഏറ്റുവാങ്ങി സിന്ധു
വോളിബോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കന്‍ സ്‌മാഷുകള്‍ തീര്‍ത്ത ജിമ്മി ജോര്‍ജിന്‍റെ പേരിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദി. മറ്റൊരു കോര്‍ട്ടില്‍ ഉയരങ്ങള്‍ താണ്ടിയ ഉയരക്കാരി പി വി സിന്ധു തടിച്ചുകൂടിയ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെ വേദിയിലെത്തി. വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം. ലോക ചാമ്പ്യന് 10 ലക്ഷം രൂപയും ഉപഹാരവും കേരളത്തിന്‍റെ സ്‌നേഹമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
വിമര്‍ശനങ്ങള്‍ ഇന്ധനമാക്കി കൂടുതല്‍ മികവിലേക്ക് ഉയര്‍ന്ന പി വി സിന്ധു പോരാട്ടവീര്യത്തിന്റെ മറുപേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവസനാ കടമ്പ കടക്കാന്‍ കഴിയാതെ തളര്‍ന്നുപോകുന്ന താരത്തെയല്ല സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലില്‍ കണ്ടതെന്നും ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള കായികതാരമായി സിന്ധു മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഒളിംപിക്സില്‍ നേടിയ വെള്ളി മെഡല്‍ അടുത്ത തവണ സ്വര്‍ണമാക്കി മാറ്റാന്‍ സിന്ധുവിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളവുമായി സിന്ധുവിന്റെ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ ടോം ജോണ്‍ എന്ന മലയാളി പരിശീലകന് കീഴിലാണ് സിന്ധു ആദ്യം ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങിയത്. സിന്ധുവിന്റെ ഇപ്പോഴത്തെ പരിശീലകന്‍ കൂടിയായ പി ഗോപീചന്ദിന്റെ പരിശീലകന്‍ കൂടിയാണ് ടോം ജോണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ വെച്ച് പിവി സിന്ധു ആദരം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജൂനിയര്‍ കരിയറിലെ മെഡല്‍വേട്ടയ്‌ക്ക് സിന്ധു തുടക്കമിട്ടത് കേരളത്തില്‍ വെച്ചായിരുന്നു, കൊച്ചിയില്‍.
അന്ന് കൊച്ചിയില്‍ പിറന്ന സുവര്‍ണ വനിത
2005 ജൂണ്‍- ഓള്‍ ഇന്ത്യ ജൂനിയര്‍ റാങ്കിംഗ് ബാഡ്‌മിന്‍ണ്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാവുന്നു. അണ്ടര്‍ 10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാവായി ഹൈദരാബാദുകാരിയായ ഒരു 10 വയസുകാരി വാര്‍ത്തകളില്‍ ഇടംപിടിച്ച് വലിയ ചര്‍ച്ചയായി. പി വി സിന്ധുവിന്‍റെ കരിയറിലെ ആദ്യ സുപ്രധാന കിരീടം ഇതായിരുന്നു. അന്ന് കൊച്ചിയില്‍ കുരുത്ത തീപ്പന്തമാണ് സ്വിറ്റ്‌സര്‍ലിന്‍ഡിലെ ബേസില്‍ 2019ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പിച്ച് സിംഗിള്‍സ് കിരീടമുയര്‍ത്തി ചരിത്രമെഴുതിയത്.
2006ലും പിന്നീട് പലകുറിയും പി വി സിന്ധു കേരളത്തിലെത്തി. എന്നാല്‍ ലോക ചാമ്പ്യനായ ശേഷം സിന്ധു ആദ്യമായി കേരളത്തിലെത്തിയത് ഇപ്പോഴാണ്. ലോക ചാമ്പ്യനായി കേരളത്തിന്‍റെ ആദരമേറ്റുവാങ്ങാനുള്ള വരവ്. ആ സന്തോഷം സിന്ധുവിന്‍റെ മുഖത്തുനിന്ന് വായിക്കാമായിരുന്നു. അങ്ങനെ കേരളവും പി വി സിന്ധുവുമായുള്ള അഭേദ്യ ബന്ധം ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകള്‍ക്ക് അപ്പുറത്തേക്ക് വളരുകയാണ്. 'ഈ കുട്ടി മലയാളിയാണ്' എന്ന് തറപ്പിച്ചുപറഞ്ഞ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ തിരിച്ചുപോയത്.
ലക്ഷ്യം ടോക്കിയോ ഒളിംപിക്‌സ്
'ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുകയാണ് പ്രധാന ലക്ഷ്യം. ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടുന്നു. കാത്തിരുന്ന് നേടിയ വിജയം മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാണ്. ഒളിംപിക്‌സിന് മുമ്പുള്ള എല്ലാ ടൂര്‍ണമെന്‍റുകളും പ്രധാനമാണ്. വരാനിരിക്കുന്ന ഡെന്‍മാര്‍ക്ക് ഓപ്പണില്‍ തിളങ്ങാനാവും എന്നാണ് പ്രതീക്ഷ. കേരളത്തിന്‍റെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയറിക്കുന്നു' എന്നും പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.