സത്യം എല്ലാവരോടും തുറന്നുപറഞ്ഞ് 'ഹരി'; 'സാന്ത്വനം' റിവ്യൂ
തമ്പിയും രാജേശ്വരിയും വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ വഴങ്ങാത്ത ഹരി, ഇനിയും വീട്ടുകാരോട് ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കുകയായിരുന്നു
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പിരിമുറുക്കത്തിലേക്ക് സാന്ത്വനം കുടുംബം കടക്കാന്‍ പോവുകയാണെന്നാണ് പരമ്പരയുടെ ഗതിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. അഞ്ജുവിനും ശിവനും വേണ്ടി ഇരുപത്തിയഞ്ച് ലക്ഷമാണ് ബാങ്കില്‍ നിന്നും ബാലന്‍ ആധാരം പണയപ്പെടുത്തി കടമായി വാങ്ങിയിരിക്കുന്നത്. കൂടാതെ ഹരിയുടെ ജോലിയും പോയിരിക്കുന്നു. ഹരിക്ക് നല്ലൊരു ജോലിയുണ്ടല്ലോ, അതുകൊണ്ട് ശിവനെ സഹായിക്കണം എന്ന് വിചാരിച്ചാണ് ബാലന്‍ ശിവന് ലോണ്‍ എടുത്ത് കൊടുത്തിരിക്കുന്നത്. ഈ ലോണിന്റെ വിവരം ഹരിക്കും ഭാര്യ അപ്പുവിനും അറിയില്ലതാനും. ജോലി നഷ്ടമായി ദിവസങ്ങളായെങ്കിലും അത് വീട്ടില്‍ പറയാതെ നടക്കുകയായിരുന്നു ഹരി ചെയ്തിരുന്നത്. എന്നാല്‍ ഒളിച്ചുകളിയെല്ലാം അവസാനിപ്പിച്ച് സത്യം എല്ലാവരോടും പറഞ്ഞിരിക്കുകയാണ് ഏറ്റവും പുതിയ എപ്പിസോഡിലൂടെ.
തമ്പിയും രാജേശ്വരിയും വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ വഴങ്ങാത്ത ഹരി, ഇനിയും വീട്ടുകാരോട് ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കുകയായിരുന്നു. അഞ്ജുവും ശിവനും തങ്ങളുടെ ബിസിനസ് തുടങ്ങിക്കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു. വീട്ടുകാര്‍ക്കെല്ലാം ലഡു വാങ്ങിനല്‍കി അങ്ങനെയിരിക്കുമ്പോഴാണ് ഹരി വീട്ടിലേക്ക് എത്തുന്നത്. ഹരിക്ക് ലഡു നല്‍കിയെങ്കിലും ഒട്ടും പ്രസന്നമല്ലാതെയാണ് ഹരി അത് വാങ്ങുന്നത്. നേരെ അപ്പുവിനും കുഞ്ഞിനും അടുത്തേക്ക് എത്തുന്ന ഹരിയോട് അപ്പു തന്നെ അച്ഛന്‍ വിളിച്ച് ഹരിയെപ്പറ്റി പലതും പറഞ്ഞെന്നെല്ലാം പറയുന്നുണ്ട്. ഹരിയുടെ ജോലിപ്രശ്‌നങ്ങളെല്ലാം രാജേശ്വരിയും തമ്പിയും അപ്പുവിനോട് പറഞ്ഞിരുന്നെങ്കിലും അപ്പു അത് വിശ്വസിച്ചിരുന്നില്ല. ഹരി ഒന്ന് കുളിച്ച് ഫ്രഷ് ആക് എന്നുപറഞ്ഞ് അപ്പു ഹരിയെ കുളിക്കാന്‍ വിടുകയാണ്. തങ്ങള്‍ ലോണ്‍ എടുത്തകാര്യം അറിഞ്ഞിട്ടാണോ ഹരി ഇത്ര ടെന്‍ഷനായതെന്നാണ് ശിവന്റേയും അഞ്ജലിയുടേയും സംശയം.
അതിനിടെയാണ് ബാലേട്ടന്‍ എല്ലാവരേയും ഹാളിലേക്ക് വിളിക്കുന്നുവെന്ന് കണ്ണന്‍ വന്ന് പറയുന്നത്. ഹാളില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. എല്ലാവരോടുമായി ചിലത് പറയാനുള്ളതെന്ന് ബാലന് പറയുമ്പോള്‍, ഹരി സംസാരിച്ച് തുടങ്ങുകയായിരുന്നു. അപ്പുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് കിട്ടിയ വര്‍ക്ക് ഫ്രം ഹോമില്‍ തനിക്ക് ശരിക്ക് ജോലി നോക്കാന്‍ പറ്റിയില്ലെന്നും അതുകൊണ്ട് കമ്പനിക്ക് വലിയൊരു നഷ്ടം വന്നെന്നും പറയുന്നു ഹരി. ഇനി രാജേശ്വരിയുടെ കമ്പനിയുടെ പരസ്യം പിടിച്ച് കൊടുത്തെങ്കിലേ പണി ശരിയാകുകയുള്ളൂവെന്നും അതുകൊണ്ട് ആ ജോലി ഇനിയില്ലെന്നും ഹരി പറയുകയാണ്. ഇതെല്ലാം കേട്ട അപ്പു കരഞ്ഞുകൊണ്ട് വീടിനകത്തേക്ക് പോയി. ജോലി നഷ്ടമായിട്ട് ഇത്രയും ദിവസം കഴിഞ്ഞ് ഇത് വീട്ടില്‍ പറഞ്ഞതിന് ക്ഷമിക്കണം. എല്ലാം തുറന്ന് പറയണമെന്ന് ബാലേട്ടന്‍ എപ്പോഴും പറയാറില്ലേ.. എന്നെല്ലാം ഹരി പറയുമ്പോള്‍ ബാലന്റേയും ശിവന്റേയും മുഖം വല്ലാതാകുന്നുണ്ട്. ഇനി എങ്ങനെയാണ് ലോണിന്റെ കാര്യം വീട്ടില്‍ പറയാതിരിക്കുക എന്നും എങ്ങനെയാണ് അവതരിപ്പിക്കുക എന്നുമുള്ള ധര്‍മ്മ സങ്കടത്തിലാണ് ബാലന്‍ ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം