പാട്ടൊന്നും അല്ല, നാൻ ഉയിരയെ കൊടുപ്പേൻ; രജനിയെ കുറിച്ച് അനിരുദ്ധ്, ഇമോഷണലായി സുപ്പർതാരം
രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ എൻട്രി ബിജിഎം തന്നെ അവരുടെ കഥാപാത്രം എത്രത്തോളം ഡെപ്ത് ഉള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു.
രജനികാന്ത് നായകനായ ജയിലർ എങ്കും തരംഗമാകുമ്പോൾ, അതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിക്കുന്നത് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് ആണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ഉതകുന്ന തരത്തിൽ പശ്ചാത്തല സംഗീതം ഉൾപ്പടെ ഉളളവ നൽകിയ അനിരുദ്ധിന് മലയാളികൾ ഉൾപ്പടെ ഉള്ളവർ കയ്യടിക്കുക ആണ്. രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ എൻട്രി ബിജിഎം തന്നെ അവരുടെ കഥാപാത്രം എത്രത്തോളം ഡെപ്ത് ഉള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് സിനിമാസ്വാദകരെ കയ്യടിപ്പിച്ചതും ഈ സംഗീതം തന്നെ. ജയിലർ 300 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോൾ, അനിരുദ്ധിന്റെയും രജനികാന്തിന്റെയും ഒരു വീഡിയോ ആണ് വൈറൽ.
ജയിലർ ഓഡിയോ ലോഞ്ചിനിടയിൽ രജനികാന്തിനെ കുറിച്ച് അനിരുദ്ധ് പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. 'തലൈവർക്ക് നല്ല പാട്ട് കൊടുത്തതൊന്നും വലിയ സംഭവം അല്ല. അദ്ദേഹത്തിന് വേണ്ടി ഞാൻ എന്റെ ജീവിതം തന്നെ കൊടുക്കും', എന്നാണ് അനിരുദ്ധ് പറഞ്ഞത്. ഇതിന് 'അനിരുദ്ധ് എനിക്ക് വേണ്ടി ജീവൻ വരെ കൊടുക്കുമെന്ന് പറഞ്ഞില്ലേ. അതെനിക്ക് വളരെ വൈകാരികമായി തോന്നി. നല്ല ആയുർ- ആരോഗ്യത്തോടെ നൂറ് വർഷം നീ വാഴട്ടെ എന്ന് ഹൃദയം കൊണ്ട് ആശംസിക്കുന്നു', എന്നായിരുന്നു രജനികാന്ത് നൽകിയ മറുപടി. പിന്നാലെ രജനിയും അനിരുദ്ധും ആയുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓഗസ്റ്റ് 10നാണ് ജയിലര്‍ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്താടിയപ്പോള്‍, മോഹന്‍ലാലും ശിവരാജ് കുമാറും ഗസ്റ്റ് റോളില്‍ എത്തി മാസ് തീര്‍ത്തു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 300 കോടിയാണ് ജയിലര്‍ നേടിയിരിക്കുന്നത്. തമിഴ് നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുന്‍കാല പല റെക്കോര്‍ഡുകളും ജയിലര്‍ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ 500 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..