ജയിലറില്‍ രജനിക്കൊപ്പം കട്ട വില്ലനായി തകര്‍ത്ത് വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇടവേള ബാബുവിന്

തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ഈ വേഷവും അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് ചില പോസ്റ്റുകള്‍ പറയുന്നത്.  

jailer movie vinayakan got appreciation from all around kerala social media troll idavela babu vvk
Author
First Published Aug 11, 2023, 8:24 AM IST

കൊച്ചി: ജയിലര്‍ സിനിമയില്‍ വിനായകനാണ് പ്രധാന വില്ലനെ അവതരിപ്പിക്കുന്നത്. ഒരു ഗ്യാംങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്ന വേഷത്തിലാണ് വിനായകന്‍. ജയിലര്‍ തീയറ്ററില്‍ നിറഞ്ഞൊടുമ്പോള്‍ കൈയ്യടി ലഭിക്കുന്നത് വിനായകന് കൂടിയാണ്. മാമന്നന്‍ സിനിമയിലെ വില്ലന്‍ റോളിലൂടെ ഫഹദ് തമിഴകത്ത് നേടിയ കൈയ്യടിക്ക് സമാനമാണ് തമിഴ് സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ വിനായകനെ പുകഴ്ത്തി വരുന്ന പോസ്റ്റുകള്‍. 

തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ഈ വേഷവും അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് ചില പോസ്റ്റുകള്‍ പറയുന്നത്.  അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെ ഏറ്റവും മികച്ച വില്ലൻ ആണ് വിനായകൻ എന്നാണ് പല റിവ്യൂകളും പറയുന്നത്. എക്സന്‍ട്രിക്കായ ക്യാരക്ടറുകള്‍ സ്വതവേ തകര്‍ത്ത് അഭിനയിക്കാറുള്ള വിനായകനെ അഴിഞ്ഞാടന്‍ വിടുകയാണ് രജനി ചിത്രത്തില്‍ സംവിധായകന്‍ നെല്‍സണ്‍ എന്നാണ് ഒരു റിവ്യൂവില്‍ വന്ന വാചകം. 

അതേ സമയം വിനായകന് കൈയ്യടി ലഭിക്കുമ്പോള്‍ അതിന് അനുസരിച്ച് മലയാളം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ട്രോള്‍ കിട്ടുന്നത് നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്ത് ഫേസ്ബുക്ക് ലൈവ് വഴി വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു എന്ന പേരില്‍ വിനായകനെതിരെ കേസും വന്നിരുന്നു. 

അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്‍റെ ഒരു ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. വിനായകന്‍റെ പ്രസ്താവന സംബന്ധിച്ച് പ്രതികരണത്തിന് ഇടവേള ബാബു നല്‍കിയെന്ന് പറയുന്ന മറുപടിയില്‍ " അവന്‍ അമ്മയില്‍ അംഗമല്ല, ഞാന്‍ ഉള്ളയിടത്തോളം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല"- എന്നാണ് ചാറ്റില്‍ പറയുന്നത്. 

jailer movie vinayakan got appreciation from all around kerala social media troll idavela babu vvk

ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിനായകന് മലയാള സിനിമ തന്നെ വേണം എന്നില്ലെന്നാണ് പല പോസ്റ്റുകളും പറയുന്നത്. വിനായകനുമായി ഇടവേള ബാബു സഹകരിച്ചില്ലെങ്കില്‍ ഒന്നുമില്ലെന്ന് പല പോസ്റ്റുകളും പറയുന്നു. അതേ സമയം വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ്, അയാൾ സിനിമയെ ഉപേക്ഷിച്ചാലും സിനിമയ്ക്ക് അയാളെ ഉപേക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്നാണ് ഒരു റിവ്യൂവില്‍ വിനായകന്‍റെ ജയിലറിലെ പ്രകടനത്തെ പറയുന്നത്. ഇടവേള ബാബു ഹോളിവുഡില്‍ ഡികാപ്രിയോ പടത്തില്‍ വില്ലനാകും എന്ന ട്രോള്‍ മീമുകളും ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

ഇടവേള ബാബുവിന്റെ ഹൃദയം തകര്‍ത്തൊരു വെടിയുതിര്‍ത്തിട്ടുണ്ട്  വിനായകനെന്നൊരു മനുഷ്യന് എന്നാണ് വിനായകന്‍റെ പ്രകടനം സംബന്ധിച്ച് തീയറ്റര്‍ റെസ്പോണ്‍സ് വച്ച് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. രജനീകാന്തിനൊപ്പം കട്ടക്ക് നെഞ്ച് വിരിച്ച് നില്‍ക്കുന്ന വിനായകനെ ആണ് കേരളത്തിലെ സിനിമ ഇല്ലാത്ത നടനായ ഇടവേള ബാബു ചെയ്യാന്‍ പോയത് എന്നാണ് മറ്റൊരു പോസ്റ്റ് പറയുന്നത്. 

അതേ സമയം ഉമ്മന്‍ചാണ്ടിയെ വിനായകന്‍ അപമാനിച്ച വിഷയത്തില്‍ നേരത്തെ തന്നെ ഔദ്യോഗികമായ പ്രതികരണം ഒന്നും വേണ്ടെന്നാണ് അമ്മ സംഘടനയുടെ തീരുമാനം വന്നത്. ഇത് സംബന്ധിച്ച് വിവാദ സമയത്ത് തന്നെ അമ്മ ഭാരവാഹി ടിനി ടോം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ഇടവേള ബാബുവിന്‍റെതെന്ന് പറയുന്ന ചാറ്റ് സ്ക്രീന്‍ ഷോട്ട് പ്രചരിച്ചതാണ് ഇടവേള ബാബുവിന് ട്രോളുകള്‍ കിട്ടാന്‍ ഇയാക്കിയത്. 

അതേ സമയം  ജയിലര്‍ ആദ്യദിനം വന്‍ കുതിപ്പാണ് ബോക്സോഫീസില്‍ ഉണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിയുടെ മാസ് റോളിന് പുറമേ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസ് റെക്കോർഡുകള്‍ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

Asianet News Live

Follow Us:
Download App:
  • android
  • ios