കടല്‍ നിരപ്പ് ഉയരുന്നു: 150 ദശലക്ഷം ജനങ്ങള്‍ വന്‍ അപകടത്തില്‍
2050 ല്‍ മുങ്ങിപ്പോകുന്ന തായ്ലാന്‍റിലെ പ്രദേശങ്ങളില്‍ അവിടുത്തെ 10 ശതമാനം ആളുകള്‍ എങ്കിലും ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. തായ്ലാന്‍റ് തലസ്ഥാനമായ ബാങ്കോക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുവാന്‍ എല്ലാ സാധ്യതകളും പഠനം മുന്നോട്ടുവയ്ക്കുന്നു
ന്യൂയോര്‍ക്ക്: പുതിയ പഠനം അനുസരിച്ച് ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂജേര്‍സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍ കമ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈ 2050 ഓടെ കടല്‍ വിഴുങ്ങിയേക്കും എന്നാണ് പഠനം നല്‍കുന്ന സൂചന. ലോക ജനസംഖ്യയില്‍ 150 ദശലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലം നഷ്ടമായേക്കും എന്നും പഠനം സൂചിപ്പിക്കുന്നു.
മുന്‍പ് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ ദുരന്തങ്ങളാണ് സമുദ്രനിരപ്പ് ഉയരുന്നതിലൂടെ 2050ഓടെ സംഭവിക്കാന്‍ പോകുന്നത് എന്നാണ് പഠനം വെളിവാക്കുന്നത്. പഠനം പ്രകാരം ദക്ഷിണ വിയറ്റ്നാം പൂര്‍ണ്ണമായും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും. വിയറ്റ്നാമിന്‍റെ സാമ്പത്തിക കേന്ദ്രമായ ഹോ ചിമിന്‍ പട്ടണം കടലെടുക്കും. 20 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന വിയറ്റ്നാമിലെ കാല്‍ഭാഗം ജനങ്ങളെ ഈ ദുരന്തം ബാധിച്ചേക്കും എന്നാണ് പഠനം പറയുന്നത്.
2050 ല്‍ മുങ്ങിപ്പോകുന്ന തായ്ലാന്‍റിലെ പ്രദേശങ്ങളില്‍ അവിടുത്തെ 10 ശതമാനം ആളുകള്‍ എങ്കിലും ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. തായ്ലാന്‍റ് തലസ്ഥാനമായ ബാങ്കോക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുവാന്‍ എല്ലാ സാധ്യതകളും പഠനം മുന്നോട്ടുവയ്ക്കുന്നു. ആഗോള താപനത്തിന്‍റെ ദുരന്തം അനുഭവിക്കാന്‍ പോകുന്നത് മലേഷ്യ പോലുള്ള രാജ്യങ്ങളാണ് എന്നാണ് ബാങ്കോക്കിലെ യുഎന്‍ ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ലൊറേട്ട ഹൈബര്‍ പ്രതികരിച്ചത്.
അതേ സമയം ഏഷ്യയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ ഷാന്‍ഹായിയും വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. മുംബൈയില്‍ എത്തിയാല്‍ മുന്‍പ് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ദുരന്തമാണ് പുതിയ പഠനം കണ്ടെത്തുന്നത്. മുംബൈ നഗരത്തിന്‍റെ താഴ്ന്ന നഗര പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ദുരന്ത ഭീഷണിയിലാണ്.
ഞങ്ങള്‍ ഈ റിപ്പോര്‍ട്ടിലൂടെ ഒരു മുന്നറിയിപ്പ് മണിയാണ് മുഴക്കുന്നത്, പഠനത്തില്‍ പങ്കെടുത്ത ഗവേഷകന്‍ ലോണാസ്കോ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. വലിയ പ്രതിരോധ മതിലുകള്‍ അടക്കം തീര്‍ത്ത് ഇതിനെതിരെയുള്ള പ്രതിരോധം ഈ നഗരങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. സംസ്താരികമായി വലിയ തിരിച്ചടികള്‍ തന്നെ സംഭവിച്ചേക്കാം. പല സംസ്കാരങ്ങളും നശിക്കാനും കാരണമായേക്കാം. അലക്സാണ്‍ട്രിയ, ഈജിപ്ത് സംസ്കാരങ്ങളുടെ തകര്‍ച്ച 330 ബിസിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് സംഭവിച്ചത് ഇത്തരം ഒരു അവസ്ഥ ഇനിയും ഉണ്ടാകാം.
ജനങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കടല്‍ ഭിത്തിപോലുള്ള സംവിധാനങ്ങള്‍ ഒരുക്കാമെങ്കിലും അവയുടെ ഫലപ്രാപ്തിയും സംശയം ഉണ്ടെന്നാണ് പഠനം പറയുന്നത്. പ്രധാനമായും ഇത്തരത്തില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലെന്‍സ് എന്ന പട്ടണത്തില്‍ കടലിലെ വെള്ളം ഉയരുന്നത് തടയാന്‍ പ്രതിരോധ മതില്‍ തീര്‍ത്തു. എന്നാല്‍ പിന്നീട് 2005ലെ കത്രീന ചുഴലിക്കാറ്റ് ഈ പ്രതിരോധം തകര്‍ത്ത് ഈ പ്രദേശം വാസയോഗ്യമല്ലാതാക്കി. ഇത്തരം ഭീഷണികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനെല്ലാം പുറമേ വാസയോഗ്യമായ വലിയൊരു ഭൂവിഭാഗം നഷ്ടപ്പെടുന്നതോടെ അത് അഭയാര്‍ത്ഥി പ്രവാഹത്തിന് ഇടയാക്കും. ഇത് വലിയ സാമൂഹിക- രാഷ്ട്രീയ വിഷയമായി മാറിയേക്കും എന്നാണ് പഠനം പറയുന്നത്. ഇത് രാജ്യങ്ങള്‍ക്കുള്ളില്‍ ഭിന്നതയും, ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വഴിവച്ചെക്കുമെന്ന് പഠനം പറയുന്നു.