ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേലിന്‍റെ പ്രധാന പ്രത്യേകതകള്‍ ഇങ്ങനെ; ഫ്രാന്‍സിനെക്കാള്‍ ഗംഭീരം
അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ എത്തുന്നത്.
പാരീസ്: ഫ്രാന്‍സിന്‍റെ കയ്യില്‍ നിന്നും ഇന്ത്യ ആദ്യത്തെ റാഫേല്‍ വിമാനം സ്വീകരിക്കുമ്പോള്‍ ആ വിമാനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഫ്രാന്‍സ് ഉപയോഗിക്കുന്ന റാഫേലിനെക്കാള്‍ സാങ്കേതിക തികവ് ഏറിയതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേല്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് നിര്‍മ്മാതാക്കളായ ഡാസാൾട്ട് എവിയേഷന്‍. ഇത് മാത്രമല്ല ഈ സാങ്കേതിക വിദ്യയും അടക്കമാണ് ഇന്ത്യയ്ക്ക് റാഫേല്‍ കൈമാറുന്നത്. അതായത് ഇതിന്‍റെ പരിപാലനം പൂര്‍ണ്ണമായും ഇന്ത്യയില്‍ നടത്താന്‍ സാധിക്കും.
അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ എത്തുന്നത്. ഇത്തരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള അഴിച്ചുപണികളും സാങ്കേതി മാറ്റങ്ങളും ആദ്യമായല്ല ഡാസാൾട്ട് എവിയേഷന്‍ നടത്തുന്നത്. . ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. ഇവയ്ക്കും ഇത്തരത്തിലുള്ള സാങ്കേതിക സഹായം ഇവര്‍ നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ കരാര്‍ ഇന്ത്യ ഡാസാൾട്ടിനെ ഏല്‍പ്പിക്കാനും അത് തന്നെയായിരിക്കാം ഒരു ഘടകം എന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയില്‍ വ്യോമസേനയില്‍ റാഫേലിന്‍റെ ദൗത്യം എന്തായിരിക്കും എന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അതിന് മുന്‍പ് ഇപ്പോള്‍ ഇന്ത്യയുടെ വ്യോമ ശക്തി ഒന്ന് പരിശോധിക്കാം. മിഗ്-21, മിഗ്-29 എയർ ഫൈറ്ററുകളാണ് ഇന്ത്യയില്‍ സേനയില്‍ കൂടുതല്‍, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ വിമാനങ്ങള്‍, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം ഇപ്പോള്‍ തന്നെ വ്യോമസേനയ്ക്ക് സ്വന്തമാണ്.
കൂടാതെ തേജസ്സ് എന്ന ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനവും രംഗത്തുണ്ട്. ഇവയ്ക്കെല്ലാം ഒരോ ദൗത്യങ്ങളാണ്. ശത്രുക്കളുമായി ആകാശ യുദ്ധത്തിന് ശേഷിയുള്ള വിമാനങ്ങളാണ് ഫൈറ്ററുകള്‍. മിഗ് ഒക്കെ ആ ഗണത്തില്‍ പെടുത്താം. ശത്രുവിന്‍റെ ഭൂപ്രദേശത്ത് കടന്നുകയറി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങളാണ് ജഗ്വാർ.
ബലാക്കോട്ടിലും മറ്റും ഇന്ത്യ ഉപയോഗിച്ചത് ഇവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് പ്രധാന പ്രശ്നം ശത്രു ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൂടെ പോര്‍വിമാനങ്ങള്‍ വേണം എന്നതാണ്. അതേ സമയം ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്.
ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്‍റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്.
ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. മിഗ്-21 വിമാനങ്ങൾ എണ്ണത്തില്‍ കൂടുതലാണ് എന്നാല്‍ ഇവയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. 1970കളിലെ ടെക്നോളജിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതിന്‍റെ പരിപാലനം വലിയ പണിയാണ്. അതിനാല്‍ തന്നെ ഇവയുടെ അപകടങ്ങള്‍ വാര്‍ത്തയാകുന്നു. ഇവ മെല്ലെ മെല്ലെ ഇന്ത്യന്‍ വ്യോമസേന ഒഴിവാക്കുകയാണ്. ഇതിനാല്‍ തന്നെയാണ് ഇന്ത്യ വലിയ തുകയ്ക്ക് ഇവയ്ക്ക് ബദലായി റാഫേലിനെ സേനയില്‍ എത്തിക്കുന്നത്. ഒപ്പം തന്നെ ബഹുമുഖ ആക്രമണത്തിന് സാധിക്കുന്ന ഒരു ആധുനിക തലമുറ ജെറ്റ് സേനയ്ക്ക് അത്യവശ്യം തന്നെയാണ്.