രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ
ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞർക്കാണ് പുരസ്‍കാരം ലഭിച്ചത്.
സ്റ്റോക്ക് ഹോം: 2019ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. ജോൺ ബി ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്. ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് മൂന്ന് പേരും നൊബേലിന് അര്‍ഹരായത്.
ഉച്ചക്ക് 3:15നേ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞർക്കാണ് പുരസ്‍കാരം ലഭിച്ചത്. ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്‍തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്.
പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‍കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യക്തമാക്കിയിരുന്നു. രണ്ട് ദശാബ്‍ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്‍റെ ഘടന സംബന്ധിച്ച നിര്‍വചനങ്ങള്‍ ലളിതവത്കരിക്കാന്‍ ജെയിംസ് പീബിള്‍സിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തുന്നു.
മഹാവിസ്ഫോടന സിദ്ധാന്തം മുതല്‍ ഇന്നുവരെയുള്ള പ്രപഞ്ചാന്വേഷണങ്ങള്‍ക്ക് പിന്നില്‍ ജെയിംസിന്‍റെ എഴുത്തിന് വലിയ പ്രധാന്യമുണ്ടെന്ന് നോബെല്‍ സമിതി പറഞ്ഞു.1995ല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹവും അത് വലംവയ്‍ക്കുന്ന നക്ഷത്രത്തെയും കണ്ടെത്തുകയായിരുന്നു മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍. വിപ്ലവകരമായ ഇവരുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷം നാലായിരത്തോളം ഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞു.
Read More:2019ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാര്‍ക്ക്
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക. അതേസമയം, വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വില്യം ജി കേലിൻ ജൂനിയർ, സർ പീറ്റർ ജെ റാറ്റ്ക്ലിഫ്, ഗ്രെഗ് സെമൻസ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഓക്സിജൻ ലഭ്യതയോടുള്ള ശരീരത്തിന്റെ പ്രതികരണരീതിയുടെ സങ്കീർണതലങ്ങൾ കണ്ടെത്തി വൈദ്യശാസ്ത്രത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയതിനാണ് നൊബേൽ. ഓക്സിജന്റെ അളവ് കുറയുന്നതു മനസ്സിലാക്കി പുതിയ രക്താണുക്കൾ നിർമിക്കുന്നതിന്റെ രഹസ്യങ്ങളാണ് ഇവർ കണ്ടെത്തിയത്.