കൂരാക്കൂരിരുട്ട്, പെട്ടെന്ന് ആകാശത്താകെ നീല, പച്ച വെളിച്ചം; അത് ഉൽക്കാ വർഷമല്ലെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി
ഉൽക്കാ വർഷമെന്ന പേരിൽ നിരവധി പേർ ആ നീലവെളിച്ചം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ അത് ഉൽക്കാ വർഷമായിരുന്നില്ല എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയത്.
ഇരുട്ട് നിറഞ്ഞ ആകാശത്താകെ നീലനിറം പരന്നപ്പോള്‍ ആളുകള്‍ സ്തംഭിച്ച് പരസ്പരം നോക്കി. ഉൽക്കാ വർഷമെന്ന പേരിൽ നിരവധി പേർ ആ നീലവെളിച്ചം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ അത് ഉൽക്കാ വർഷമായിരുന്നില്ല എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ.
സ്‌പെയിനിന്‍റെയും പോർച്ചുഗലിന്‍റെയും ചില ഭാഗങ്ങളിലാണ് രാത്രിയിൽ ആകാശം പെട്ടെന്ന് നീലനിറത്തിലായത്. പിന്നീട് പച്ചയായി. പ്രാദേശിക സമയം രാത്രി 11.30നാണ് പോർച്ചുഗലിൽ ആകാശം നീലയും പച്ചയും നിറത്തിലായത്. രാത്രി പെട്ടെന്ന് തീർന്ന് പകലായെന്ന് തോന്നി, സിനിമ കാണുകയാണെന്ന് തോന്നി എന്നെല്ലാമാണ് പ്രതികരണങ്ങള്‍. പോർച്ചുഗലിലെ ബാഴ്‌സലോസ, പോർട്ടോ എന്നീ നഗരങ്ങളിലെ ആകാശ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നത്. അപൂർവ്വ ആകാശക്കാഴ്ചയുടെ വിവരം അറിയിക്കാൻ പലരും എമർജൻസി സർവീസുമായി ബന്ധപ്പെട്ടെന്ന് മാഡ്രിഡിലെ സ്പാനിഷ് എമർജൻസി സർവീസ് വക്താവ് പ്രതികരിച്ചു.
ഇത് ഉൽക്കാ വർഷമോ ഛിന്നഗ്രഹമോ അല്ലെന്നും ധൂമകേതുവാണ് (വാൽനക്ഷത്രം) ആകാശത്ത് നീലനിറം പടർത്തിയതെന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അറ്റ്ലാന്‍റിക്കിന് മുകളിൽ കത്തിത്തീരുന്നതിന് മുമ്പ് ധൂമകേതു സ്പെയിനിനും പോർച്ചുഗലിനും മീതെ സെക്കന്‍റിൽ 45 കിലോമീറ്റർ (28 മൈൽ) വേഗതയിൽ പറന്നുവെന്നാണ് ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ. സ്പെയിനിലെ കാലാർ ആൾട്ടോ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രവും ധൂമകേതു സാന്നിധ്യം പ്രാഥമികമായി സ്ഥിരീകരിച്ചു.
'ദൈവത്തിന്‍റെ കൈ'; അപൂർവ ആകാശ പ്രതിഭാസം പതിഞ്ഞത് ഡാർക്ക് എനർജി ക്യാമറയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം