Asianet News MalayalamAsianet News Malayalam

വ്യാഴത്തിന്‍റെ ചന്ദ്രനില്‍ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; 'യൂറോപ്പ ക്ലിപ്പർ' പേടകം നാസ വിക്ഷേപിച്ചു

ഇനി അഞ്ചര വർഷത്തെ കാത്തിരിപ്പാണ്! യൂറോപ്പയിലെ സമുദ്രവും ജീവനും തേടി ക്ലിപ്പർ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു, ശാസ്ത്രലോകം കാത്തിരിക്കുന്ന ചോദ്യത്തിന് അഞ്ചര വർഷത്തിനപ്പുറം ഉത്തരമാകുമെന്ന് പ്രതീക്ഷ

Next chapter in space exploration has begun with Europa Clipper Spacecraft
Author
First Published Oct 15, 2024, 8:53 AM IST | Last Updated Oct 15, 2024, 8:53 AM IST

ഫ്ലോറിഡ: ഭൂമിക്ക് പുറത്തെ ജീവന്‍ തേടി വ്യാഴത്തിന്‍റെ ചന്ദ്രനായ യൂറോപ്പയിലേക്ക് സുപ്രധാന ദൗത്യവുമായി നാസയുടെ ക്ലിപ്പർ പേടകം കുതിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39എ ലോഞ്ച് കോംപ്ലക്സില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് ക്ലിപ്പർ പേടകത്തെ നാസ വിക്ഷേപിച്ചത്. അഞ്ച് വർഷത്തിലേറെ സമയമെടുത്ത് 1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്താവും ക്ലിപ്പർ പേടകം വ്യാഴത്തിന്‍റെ ഭ്രമണപഥത്തില്‍ എത്തുക. ഐസ് തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പ ഉപഗ്രഹത്തില്‍ നിന്ന് ജീവന്‍റെ തെളിവുകള്‍ കണ്ടെത്തുകയാണ് യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന്‍റെ ലക്ഷ്യം. 

1610ല്‍ ഗലീലിയോ ആണ് ക്ലിപ്പർ ഗ്രഹത്തെ കണ്ടെത്തിയത്. അതിനാല്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിന്‍റെ സ്ഥാനം. ശരാശരി 3,100 കിലോമീറ്ററാണ് യൂറോപ്പയുടെ വ്യാസം. അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഏറെയുണ്ടെന്ന് കണക്കാക്കുന്നു. തണുത്തുറഞ്ഞ ഉപരിതലമുള്ള യൂറോപ്പ ഉപഗ്രഹത്തില്‍ ഐസിനടിയില്‍ ദ്രാവകരൂപത്തില്‍ ജലമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ക്ലിപ്പർ പേടകത്തിന്‍റെ പ്രധാന കർത്തവ്യം. ജലം ജീവന്‍റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടും എന്നത് തന്നെ ഇതിന് കാരണം. യൂറോപ്പയുടെ അടിത്തട്ടില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഭാവിയില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ യൂറോപ്പയിലുണ്ടോ എന്ന് ക്ലിപ്പർ പഠിക്കും. ഇതിനായി തെര്‍മല്‍ ഇമേജിംഗ്, സ്‌പെക്‌ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ താപവ്യതിയാനവും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കരുത്തുള്ളതാണ്. 

നാസയുടെ ഏറ്റവും വലിയ ഗ്രഹ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്‍റെ വലിപ്പമുള്ള ഇതിന്‍റെ ഭാരം 6000 കിലോഗ്രാമാണ് എന്നത് ക്ലിപ്പറിന്‍റെ സാങ്കേതിക മികവ് വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട ജൈത്രയാത്രക്ക് ആവശ്യമായ ഊർജം പകരാന്‍ അത്യാധുനികമായ സോളാർ, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് ക്ലിപ്പറില്‍ നാസ ഒരുക്കിയിരിക്കുന്നത്. 1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്ത് വ്യാഴത്തിന്‍റെ ഭ്രമണപഥത്തിലെത്തുന്ന ക്ലിപ്പർ യൂറോപ്പയിലെ സമുദ്രത്തെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടർന്ന് പ്രതീക്ഷിച്ചതിലും നാല് ദിവസം വൈകിയാണ് ക്ലിപ്പർ പേടകത്തെ നാസയ്ക്ക് വിക്ഷേപിക്കാനായത്.  

Read more: 1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്ത് അന്യഗ്രഹ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; 'യൂറോപ്പ ക്ലിപ്പര്‍' പേടകം ഇന്ന് കുതിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios