Asianet News MalayalamAsianet News Malayalam

മസ്‍കിന് സെഞ്ചുറി; 2024ലെ നൂറാം റോക്കറ്റും വിക്ഷേപിച്ച് സ്പേസ് എക്സ്

വിക്ഷേപണങ്ങള്‍ക്കുള്ള അനുമതി തിരികെ ലഭിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറിനിടെ ഇരട്ട ലോഞ്ചുകളുമായി ചരിത്രമെഴുതി ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് 

SpaceX launches 100th rocket of 2024 during 23 Starlink internet satellites launch
Author
First Published Oct 16, 2024, 8:06 AM IST | Last Updated Oct 16, 2024, 8:15 AM IST

ഫ്ലോറിഡ: ബഹിരാകാശ രംഗത്ത് ചരിത്രമെഴുതി സ്വകാര്യ സംരംഭകരായ സ്പേസ് എക്സ്. 2024ലെ 100-ാം റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു. നൂറാം ദൗത്യത്തില്‍ 23 സ്റ്റാർലിങ്ക് സാറ്റ്‍ലൈറ്റുകളാണ് സ്പേസ് എക്സ് ബഹിരാകാശത്തേക്ക് അയച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് സ്പേസ് എക്സ് 2024ല്‍ തങ്ങളുടെ നൂറാം റോക്കറ്റ് വിക്ഷേപണം പൂർത്തിയാക്കിയത്. 23 സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സാറ്റ്‍ലൈറ്റുകളുമായി ഫാള്‍ക്കണ്‍ 9 റോക്കറ്റ് ഫ്ലോറിഡയിലെ കേപ് കനാവെരല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് എട്ട് മിനുറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ ആദ്യഘട്ടം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങി. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു വിക്ഷേപണവും സ്പേസ് എക്സ് നടത്തി. എതിർതീരമായ കാലിഫോർണിയയിലെ വാണ്ടെന്‍ബെർഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് 20 സ്റ്റാർലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുകയാണ് ഈ ദൗത്യത്തില്‍ സ്പേസ് എക്സ് ചെയ്തത്. ഇക്കുറിയും റോക്കറിന്‍റെ ആദ്യ ഭാഗം സുരക്ഷിതമായി തിരിച്ചിറങ്ങി. ഒക്ടോബർ 14ന് നാസയുടെ യൂറോപ്പ ദൗത്യത്തിനായി ക്ലിപ്പർ പേടകത്തെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ സ്പേസ് എക്സ് അയച്ചതിന് പിന്നാലെയായിരുന്നു ഈ രണ്ട് വിക്ഷേപണങ്ങളും. വ്യാഴത്തിന്‍റെ ചന്ദ്രനുകളിലൊന്നായ യൂറോപ്പയിലേക്ക് 1.8 ബില്യണ്‍ മൈല്‍ യാത്രയ്ക്കാണ് ക്ലിപ്പർ ബഹിരാകാശ പേടകം പുറപ്പെട്ടിരിക്കുന്നത്. 

സെപ്റ്റംബർ 28ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-9 മിഷന്‍ ലോഞ്ചിനിടെ അപ്പർ സ്റ്റേജിന് തകരാർ കണ്ടെത്തിയ ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിക്കാന്‍ അമേരിക്ക അനുമതി നല്‍കിയത് ഒക്ടോബർ 11ന് മാത്രമായിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മാത്രം ശേഷം ഇരട്ട വിക്ഷേപണങ്ങളുമായി ബഹിരാകാശ രംഗത്ത് കരുത്തുകാട്ടിയിരിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ്. 

Read more: വ്യാഴത്തിന്‍റെ ചന്ദ്രനില്‍ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; 'യൂറോപ്പ ക്ലിപ്പർ' പേടകം നാസ വിക്ഷേപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios