നമ്മുടെ സൗരയൂഥത്തിന് അപ്പുറമുള്ള ഗ്രഹങ്ങളെ അടുത്തറിയാൻ പുതിയ രീതി അവതരിപ്പിച്ച് ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ
നിലവിൽ എക്സോപ്ലാനറ്റുകളെ പഠിക്കാൻ ഉപയോഗിക്കുന്ന റാഡിയൽ വെലോസിറ്റി, ട്രാൻസിറ്റ് ഫോട്ടോമെട്രി രീതികളുടെ പരിമിതികളെ പുതിയ മോഡൽ ഉപയോഗിച്ച് മറികടക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.
ബെംഗളൂരു: എക്സോപ്ലാനെറ്റുകളുടെ അന്തരീക്ഷത്തെ പറ്റി കൂടുതൽ വ്യക്തമായി പഠിക്കാൻ നൂതന രീതി വികസിപ്പിച്ച് ഇന്ത്യൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ. മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ പറ്റി പഠിക്കാൻ അവയിൽ നിന്ന് വരുന്ന പ്രകാശത്തിന്‍റെ പൊളറൈസേഷൻ പഠിച്ചാൽ സാധിക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിലെ ഗവേഷകരാണ് പുതിയ പഠന മോഡലിന് പിന്നിൽ.
ഐഐഎയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് വിദ്യാർത്ഥി അരിത്ര ചക്രവർത്തിയും മുതിർന്ന ശാസ്ത്രജ്ഞൻ സുജൻ സെൻഗുപ്തയുമാണ് പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. ഗ്രഹങ്ങളിൽ നിന്നുള്ള വെളിച്ചത്തിന്‍റെ പൊളറൈസേഷൻ പഠിക്കാൻ പുതിയ ത്രിമാന ഗണിത മോഡൽ മുന്നോട്ട് വയ്ക്കുകയാണ് ഗവേഷണത്തിലൂടെ.
നിലവിൽ എക്സോപ്ലാനറ്റുകളെ പഠിക്കാൻ ഉപയോഗിക്കുന്ന റാഡിയൽ വെലോസിറ്റി, ട്രാൻസിറ്റ് ഫോട്ടോമെട്രി രീതികളുടെ പരിമിതികളെ പുതിയ മോഡൽ ഉപയോഗിച്ച് മറികടക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.
ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ പറ്റിയും ഘടനയെപറ്റിയും കൃത്യമായി പഠിക്കാൻ പുതിയ മോഡലിന് കഴിയുമെന്നാണ് ദി ആസ്ട്രോഫിസിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നത്.
ഗവേഷണ പ്രബന്ധം ഇവിടെ വായിക്കാം.
എക്സോ പ്ലാനറ്റ്
നമ്മളുടെ സൗരയൂധത്തിന് പുറത്ത് സൂര്യന് സമാനമായ നക്ഷത്രങ്ങളെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രങ്ങളെയാണ് എക്സോ പ്ലാനറ്റുകൾ എന്ന് വിളിക്കുന്നത്. ഇത് വരെ അയ്യായിരത്തിലധികം എക്സോ പ്ലാനറ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.