വിക്രം ലാൻഡർ ഇടിച്ചിറങ്ങിയിരിക്കാമെന്ന് ഇസ്രൊ: ബന്ധം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം

ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം.

ISRO Spots Chandrayaan 2 Lander on Lunar Surface

ബെംഗളുരു: ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാൻഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പിടിഐയോട് പറഞ്ഞു. 

''ലാൻഡറിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഹാർഡ് ലാൻഡിംഗ് നടന്നിരിക്കാനാണ് സാധ്യത'', കെ ശിവൻ വ്യക്തമാക്കുന്നു. വിക്രം ലാൻഡറിലെ റോവർ പ്രഗ്യാന്‍റെയും ചിത്രങ്ങൾ ചന്ദ്രയാൻ 2 ഓർബിറ്റർ എടുത്തിട്ടുണ്ട്. ഓർബിറ്റർ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓർബിറ്റിൽത്തന്നെയാണ് ഓർബിറ്റർ സഞ്ചരിക്കുന്നത്. 

ഹാർഡ് ലാൻഡിംഗിൽ ലാൻഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് 'അത് നമുക്ക് ഇപ്പോഴും അറിയില്ലെ'ന്നാണ് കെ ശിവൻ വ്യക്തമാക്കിയത്.

അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഓ‌ർ‌ബിറ്ററിന്‍റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ. 

ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓ‌ർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. വേണമെങ്കിൽ ഓർബിറ്ററിന്‍റെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓർബിറ്ററിന്‍റെ പ്രവർത്തന കാലാവധിയെ ബാധിക്കുമെന്നതിനാൽ ഇസ്രൊ തൽക്കാലം ഇതിന് മുതിരില്ല.

ഓർബിറ്ററിന് ഇപ്പോൾ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന മറ്റേത് ചന്ദ്രദൗത്യത്തേക്കാൾ മികച്ച ക്യാമറയാണുള്ളത് (0.3m). ഈ ഹൈ റസല്യൂഷൻ ചിത്രങ്ങൾ ശാസ്ത്രലോകത്തിന് തന്നെ ഗുണകരമാകും. മികച്ച ചിത്രങ്ങളിലൂടെ ചന്ദ്രോപരിതലത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമാകും. 

ചന്ദ്രോപരിതലത്തിൽ നിന്ന് വെറും 2.1 കിലോമീറ്റർ അകലെവച്ചാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം ബെംഗളുരുവിലെ ഐഎസ്ആർഒ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിന് നഷ്ടമായത്. 

ചന്ദ്രയാൻ ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടമായിരുന്നു ഇത്. ലാൻഡറിന്‍റെ പ്രവേഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിനിടെയാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. 

ലാൻഡർ ഉദ്ദേശിച്ച പ്രവേഗത്തിലല്ല ഇറങ്ങിയതെങ്കിൽ ഉദ്ദേശിച്ച തരത്തിൽ അതിന്‍റെ നാല് കാലുകളിൽ ചന്ദ്രോപരിതലം തൊട്ടിരിക്കാൻ സാധ്യതയില്ല. അതിനാൽ ഇടിച്ചിറങ്ങിയ ലാൻഡറിന് കേടുപാടുകൾ പറ്റാൻ സാധ്യതയുണ്ട്. 

അടുത്ത 14 ദിവസത്തേക്ക് കൂടി വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം തുടരുമെന്ന് കെ ശിവൻ വ്യക്തമാക്കി. എന്നാൽ സമയം വൈകുംതോറും അത്തരമൊരു ആശയവിനിമയത്തിനുള്ള സാധ്യത കുറവാണെന്ന് വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സോളാർ പാനലുകൾ ഉപയോഗിച്ച് വിക്രമിന് ഇപ്പോഴും ഊർജം ഉത്പാദിപ്പിക്കാനാകും. അതിനാൽ പ്രവർത്തനക്ഷമമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വരെ വിജയമാണെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. ചന്ദ്രപഠനരംഗത്ത് കൂടുതൽ വിവരങ്ങളെത്തിക്കാൻ ഓർബിറ്ററിന് ഇപ്പോഴും കഴിയും. വിക്ഷേപണവും ഭ്രമണപഥം താഴ്‍ത്തലുമടക്കമുള്ള കാര്യങ്ങൾ വിജയകരമായത് ശാസ്ത്രജ്ഞർക്ക് ആശ്വാസംതന്നെയാണ്. ഒരു വർഷം ചന്ദ്രനെ ഓർബിറ്റർ വലംവയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ ആയുസ്സുണ്ടാകുമെന്ന് ഐഎസ്ആർഒ തന്നെ പറയുന്നു. ഏഴ് വർഷം വരെ ഓർബിറ്റർ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലുണ്ടാകും. 

ചന്ദ്രദൗത്യത്തിൽ കൂടുതൽ തീവ്രപരിശ്രമമുണ്ടാകുമെന്ന് ഡിആർഡിഒയും പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios