സൂര്യനേക്കാള്‍ ചൂടുള്ള എട്ട് അപൂര്‍വ നക്ഷത്രങ്ങളെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍; കൈയടികളോടെ ശാസ്ത്രലോകം
പൂനെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ സംഘമാണ് ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചത്.
പൂനെ ആസ്ഥാനമായുള്ള ഒരു ഗവേഷക സംഘം, അസാധാരണമാംവിധം ശക്തമായ കാന്തികക്ഷേത്രങ്ങളും ധാരാളം നക്ഷത്രകാറ്റും ഉള്ള സൂര്യനെക്കാള്‍ ചൂടുള്ള എട്ട് നക്ഷത്രങ്ങളെ (eight 'exotic' radio stars) കണ്ടെത്തി. പൂനെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ( Tata Institute Of Fundamental Research) നാഷണല്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ (National Centre For Astrophysics) സംഘമാണ് ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചത്.
ഗവേഷണ പ്രബന്ധം ദി ആസ്‌ട്രോഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. ഈ നക്ഷത്രങ്ങള്‍ അവയുടെ എമിഷന്‍ സ്വഭാവം കാരണം തീവ്രമായ റേഡിയോ പള്‍സുകള്‍ പുറപ്പെടുവിക്കുന്നുണ്ടെന്ന് ഗവേഷണം കണ്ടെത്തി. ശക്തമായ കാന്തികക്ഷേത്രങ്ങളുള്ള 'മെയിന്‍-സീക്വന്‍സ് റേഡിയോ പള്‍സ്' (എംആര്‍പി) എമിറ്ററുകളാണ് അവ.
ഗവേഷകയായ ബര്‍നാലി ദാസിന്റെ നേതൃത്വത്തിലുള്ള സംഘവും അവരുടെ സൂപ്പര്‍വൈസര്‍ പ്രൊഫസര്‍ പൂനം ചന്ദ്രയും ചേര്‍ന്ന് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന് ഒരു ഭീമന്‍ മെട്രോവേവ് റേഡിയോ പള്‍സ് (uGMRT) ഉപയോഗിച്ചു. 'GMRT പ്രോഗ്രാമിന്റെ വിജയം ഈ തരം നക്ഷത്രങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാന്തികമണ്ഡലങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു പുതിയ ജാലകം തുറന്നു,' എന്‍സിആര്‍എ പറഞ്ഞു.
ഗവേഷകനായ ബര്‍ണാലി ദാസ് അസമിലെ ബജാലി ജില്ലയില്‍ നിന്നുള്ളയാളാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സില്‍ ഇന്റേണ്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. നിലവില്‍, പൂനെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ (ടിഐഎഫ്ആര്‍) നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ
ആസ്‌ട്രോഫിസിക്‌സില്‍ ഗവേഷണ പണ്ഡിതയാണ്. ജിഎംആര്‍ടി ഉപയോഗിച്ച് ഇത്തരം മൂന്ന് നക്ഷത്രങ്ങളെ കൂടി മുമ്പ് കണ്ടെത്തിയതായി എന്‍സിആര്‍എ സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ അറിയപ്പെട്ട 15 എംആര്‍പികളില്‍ 11 എണ്ണം ജിഎംആര്‍ടി ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, 2021 ല്‍ മാത്രം എട്ടെണ്ണം കണ്ടെത്തി. 2000ലാണ് ആദ്യത്തെ എംആര്‍പി കണ്ടെത്തിയത്.