ആ രഹസ്യം 50 കൊല്ലത്തേക്ക് പുറത്തുവിടില്ല ബ്രിട്ടീഷ് തീരുമാനം; നിരാശയില്‍ ഗവേഷകര്‍
1990 ല്‍ സ്കോട്ടിഷ് ഹൈലാന്‍റിലെ കാല്‍വിന്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് പറക്കുംതളികയുടെതെന്ന് തോന്നിക്കുന്ന ചിത്രവും അതിനെ ചുറ്റുന്ന ഒരു വിമാനത്തിന്‍റെ ചിത്രവും പകര്‍ത്തിയത്.
ലണ്ടന്‍: ബഹിരാകാശ പേടകങ്ങള്‍ സംബന്ധിച്ചും പറക്കും തളികകള്‍ സംബന്ധിച്ചും പഠനം നടത്തുന്നവരെ നിരാശരാക്കുകയാണ് ബ്രിട്ടന്‍റെ പുതിയ തീരുമാനം. പറക്കും തളികയുടെതെന്ന് കരുതുന്ന ആദ്യത്തെ കളര്‍ ചിത്രത്തിന്‍റെ രഹസ്യമാണ് അമ്പത് കൊല്ലം കൂടി രഹസ്യമാക്കി വയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.
1990 ല്‍ സ്കോട്ടിഷ് ഹൈലാന്‍റിലെ കാല്‍വിന്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് പറക്കുംതളികയുടെതെന്ന് തോന്നിക്കുന്ന ചിത്രവും അതിനെ ചുറ്റുന്ന ഒരു വിമാനത്തിന്‍റെ ചിത്രവും പകര്‍ത്തിയത്. ഇത് പിന്നീട് ചോര്‍ന്നിരുന്നു. ഇതിന്‍റെ രഹസ്യങ്ങള്‍ അടങ്ങിയ ഫയലാണ് വീണ്ടും രഹസ്യ ഫയലായി 50 കൊല്ലം കൂടി സൂക്ഷിക്കാന്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
നേരത്തെ ഈ ഫയലിനെ രഹസ്യ രേഖ എന്ന ഗണത്തില്‍പ്പെടുത്തിയത് 30 കൊല്ലത്തേക്കാണ് ഇത് 2022 ജനുവരിയില്‍ അവസാനിക്കാനിരിക്കേയാണ് അതിന്‍റെ കാലാവധി 50 കൊല്ലം കൂടി നീട്ടിയത്. ഇതോടെ പൊതുജനത്തിന് ഈ രേഖകള്‍ ലഭിക്കണമെങ്കില്‍ 2072 വരെ കാത്തിരിക്കണം.
സ്കോട്ട്ലാന്‍റിലെ പെര്‍ത്ത്ഷെയറില്‍ നിന്നുള്ള രണ്ട് പിക്നിക്കുകാരാണ് 1990 ല്‍ ഈ ചിത്രം എടുത്തത്. ഇവരുടെ അന്നത്തെ വാക്കുകള്‍ പ്രകാരം, ഡയമണ്ട് ആകൃതിയിലുള്ള ഒരു ലോഹ വാഹനമായിരിന്നു അത്. 100 അടി ഉയരത്തിലുണ്ടായിരുന്ന ഇത് നേരെ മുകളിലേക്ക് പോയി. ഇതിന് ചുറ്റും ഒരു സൈനിക വിമാനം വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
പിന്നീട് ബ്രിട്ടീഷ് അധികൃതര്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചെങ്കിലും, ആ ഫയലാണ് രാജ്യ രഹസ്യമായി ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ ഈ ഫയലിലെ ചിത്രത്തിന്‍റെ ഫോട്ടോകോപ്പി ചിത്രമായിരുന്നു ചോര്‍ന്നത്. ഇത് പിന്നീട് യുഎഫ്ഒ ഗവേഷകന്‍ നിക്ക് പോപ്പ് കളര്‍ ചെയ്തെടുത്തു.
സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ നടപടി ശരിക്കും ദേഷ്യമുണ്ടാക്കുന്നതാണ്, എന്താണ് 1990 ല്‍ കെവിനില്‍ നടന്നത് എന്നതിന്‍റെ കൃത്യമായ ഒരു വിശദീകരണം ലോകത്തിന് മുന്നില്‍ ഇല്ല. ഇപ്പോള്‍ 82 വര്‍ഷത്തേക്ക് ഈ ഫയല്‍ അടച്ചുവയ്ക്കുക എന്നത് വലിയതെന്തോ ഒളിപ്പിച്ചു വയ്ക്കുകയാണ്. ഈ ചിത്രം പകര്‍ത്തിയവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, ശരിക്കും അത്ഭുതം തന്നെയാണ് എന്താണ് സര്‍ക്കാര്‍ ഒളിപ്പിക്കുന്നത് - യുഎഫ്ഒ ഗവേഷകന്‍ നിക്ക് പോപ്പ് പറയുന്നു.