ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി
ഭ്രമണപഥം അത് പോലെ തന്നെ പിന്തുടർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റർ വരെ അടുത്ത വന്നേനെ.
ബെംഗളൂരു: നാസയുടെ ലൂണാർ റെക്കോണിസൻസ് ഓർബിറ്ററുമായി കൂട്ടിയിടി ഒഴിവാക്കാൻ ചന്ദ്രയാൻ 2 ഓർബിറ്റർ ഭ്രമണപാതയിൽ മാറ്റം വരുത്തിയതായി ഇസ്രൊ. ഒക്ടോബർ 20ന് രാവിലെ പതിനൊന്നേകാലോടെ ഇസ്രൊയുടെ ചന്ദ്രയാൻ രണ്ടും നാസയുടെ എൽആർഒയും തമ്മിൽ വളരെ അടുത്തു വരാൻ സാധ്യതയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ട് ഇരു ബഹിരാകാശ ഏജൻസികളും ചേർന്ന് ഉപഗ്രഹ സഞ്ചാരപാതയിൽ മാറ്റം വരുത്താൻ ധാരണയിലെത്തുകയായിരുന്നു.
ഇരു ഉപഗ്രഹങ്ങളും അടുത്ത് വരുന്നതിന് ഒരാഴ്ച മുമ്പാണ് മാറ്റം വരുത്താൻ തീരുമാനമെടുത്തത്. ഭ്രമണപഥം അത് പോലെ തന്നെ പിന്തുടർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റർ വരെ അടുത്ത വന്നേനെ. ഇരു ഉപഗ്രഹങ്ങൾക്കും പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപാതയിൽ മാറ്റം വരുത്താൻ നാസയും ഇസ്രൊയും തമ്മിൽ ധാരണയായി.
ഒക്ടോബർ 18നാണ് ഭ്രമണപഥ മാറ്റം നടപ്പാക്കിയത്. പുതിയ പാതയിൽ ഇരു ഉപഗ്രഹങ്ങളും അടുത്ത് വരാൻ സാധ്യതയില്ലെന്ന് ഇസ്രൊ അറിയിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാൻ ഇത്തരം ഭ്രമണപഥ തിരുത്തലുകൾ വരുത്തുന്നത് സാധാരണമാണ്. പക്ഷേ ഇസ്രൊയുടെ ഒരു ഗ്രഹാന്തര പര്യവേഷണ ദൗത്യത്തിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത് ഇതാദ്യമാണ്.