ചന്ദ്രയാൻ രണ്ട് വിക്ഷേപണം: അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോർച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം.
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീയുടെ പ്രശ്നങ്ങൾ പരിഹരിച്ച് വിക്ഷേപണം ഈ തിങ്കളാഴ്ച നടത്താൻ തീരുമാനിക്കുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ നാളെ തുടങ്ങും.
ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോർച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. 2 മണിക്കൂറും 24 സെക്കന്റും ബാക്കി നിൽക്കെയാണ് കൗണ്ട് ഡൗൺ നിർത്തിയത്. കൗണ്ട് ഡൗൺ നിർത്തിയതിന് പിനന്നാലെ തന്നെ പരിശോധന തുടങ്ങി പ്രശ്നം കണ്ടെത്താൻ കഴിഞ്ഞു. ഇത് പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞതാണ് വിക്ഷേപണം കൂടുതൽ താമസിക്കാതെ നടത്താൻ സഹായകമായത്.
ചോർച്ച ഗുരതരമായിരുന്നെങ്കിൽ റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് നീക്കി പരിശോധിക്കേണ്ടി വന്നേനെ. റോക്കറ്റിന്‍റെ വിവിധ ഘട്ടങ്ങൾ അഴിച്ചു നടത്തുന്ന പരിശോധന വിക്ഷേപണം വീണ്ടും വൈകാനും കാരണമായേനെ. ഈ മാസം തന്നെ വിക്ഷേപണം നടത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഐഎസ്ആർഒ. ഈ മാസം വിക്ഷേപണം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ചന്ദ്രയാൻ രണ്ട് പദ്ധതി വീണ്ടും വൈകുമെന്നതായിരുന്നു വെല്ലുവിളി.
വിക്ഷേപണം ഒരാഴ്ച നീണ്ടുപോകുന്നുവെങ്കിലും നിശ്ചയിച്ച സമയ പരിധി പാലിക്കാൻ കഴിയുമെന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം 15ന് വിക്ഷേപിച്ച് സെപ്റ്റംബർ ആറിന് ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന തരത്തിലായിരുന്നു മുൻനിശ്ചയിച്ച സമയപരിധി. 54 ദിവസമായിരുന്നു ഇതിന് വേണ്ടിയിരുന്ന സമയം. ഇതിൽ 17 ദിവസം പേടകം ഭൂമിയെ ചുറ്റുന്ന അവസ്ഥയിലും 28 ദിവസം ചന്ദ്രനെ ചുറ്റുന്ന അവസ്ഥയിലുമായിരുന്നു. ബാക്കി ദിവസം ചന്ദ്രനിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ള സമയമായിരുന്നു. ഇതിൽ ചന്ദ്രനെ ചുറ്റുന്ന ദിവസങ്ങൾ കുറച്ച് സമയക്രമം പാലിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.