പ്രതീക്ഷ അവസാനിക്കുന്നില്ല: 'വിക്ര'മുമായി ബന്ധം സ്ഥാപിക്കാനായേക്കുമെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ

വിക്രം ഏതെങ്കിലും ഗർത്തത്തിൽ വീണിരിക്കാൻ സാധ്യതയുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങൾ കൂടി മുൻകൂട്ടികണ്ടാണ് വിക്രം നിർമ്മിച്ചതെന്ന് ഡോ എം അണ്ണാദുരൈ.

chandrayaan 1 project director response to vikram lander incident

ബെംഗളൂരു: വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ ഡോ മൈലസ്വാമി അണ്ണാദുരൈ. വിക്രമിന്‍റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിർണ്ണായകമാണെന്നും മുതിർന്ന ശാത്രജ്ഞൻ വ്യക്തമാക്കി. യു ആർ റാവു സാറ്റലൈറ്റ് സെന്‍റർ മുൻ മേധാവി കൂടിയായിരുന്നു എം അണ്ണാദുരൈ. 

സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കുന്നതിന് മിനുട്ടുകൾക്ക് മുമ്പാണ് വിക്രമുമായുളള ബന്ധം നഷ്ടമായത്. വിക്രമിന് എന്തായിരിക്കും സംഭവിച്ചിരിക്കുക ?

താഴേക്ക് ഇറങ്ങുന്ന സമയത്ത് അസ്വാഭാവിക വേഗതയാണ് കണ്ടത്. ഇത്രയും വേഗത്തിലായിരുന്നില്ല വിക്രം താഴേക്ക് വരേണ്ടിയിരുന്നത്. 

ലാൻഡറിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും ?

നിലവിൽ സിഗ്നൽ നഷ്ടമായിരിക്കുകയാണെങ്കിലും ലാൻഡ‌റുമായി ബന്ധം പുനസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ട്. ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ലാൻഡറിന്‍റെ നാലു കാലുകൾക്ക് സാധാരണ വേഗതയിൽ കൂടുതൽ താങ്ങുവാൻ കഴിയില്ല. വേഗത ഏറെ കൂടുതലായിരുന്നെങ്കിൽ അതിജീവിച്ചിരിക്കാൻ സാധ്യതയില്ല. 

എങ്ങനെയായിരിക്കും വിക്രമുമായി ഇനി ബന്ധപ്പെടുക ? 

പലതരം സാധ്യതകളും സാഹചര്യങ്ങളും മുന്നിൽ കണ്ടാണ് വിക്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. ലാൻഡറിന് ഓർബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഏതെങ്കിലും ഗർത്തത്തിൽ വീണാൽ പോലും തിരിച്ച് സിഗ്നലുകൾ ലഭിക്കണമെന്ന് കരുതിയാണ്  വിക്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. വിക്രം ഏതെങ്കിലും ഗർത്തത്തിൽ വീണിരിക്കാൻ സാധ്യതയുണ്ട്. ചെറിയ ഗർത്തങ്ങളിലാണ് വിക്രം വീണിട്ടുള്ളതെങ്കിൽ സിഗ്നലുകൾ ലഭിക്കും. എന്തായാലും ഇനിയുള്ള സമയം ഏറെ നിർണ്ണായകമാണ്. 

ഓർബിറ്ററിന് അഞ്ച് മുതൽ പത്ത് മിനുട്ട് വരെ മാത്രമേ ഒരു സമയത്ത് വിക്രമുമായി ബന്ധപ്പെടാനാകൂവെന്നും ഡോ അണ്ണാദുരൈ പറഞ്ഞു. പരാജയങ്ങൾ ഇസ്രോയ്ക്ക് പുതുമയല്ല. പരാജയങ്ങളിൽ നിന്നാണ് എസ്ൽഎവിയും, പിഎസ്എൽവിയും ,ജിഎസ്എൽവിയുമെല്ലാം ഇന്നത്തെ നിലയിലെത്തിയിരിക്കുന്നതെന്നും ഡോ അണ്ണാദുരൈ ഓർമ്മിപ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios