ഇനി ഐ ട്യൂണില്ല: ഈ സേവനം അവസാനിപ്പിക്കാൻ ആപ്പിൾ തീരുമാനിച്ചു
നീണ്ട രണ്ട് പതിറ്റാണ്ട് കാലമായി ആപ്പിളിനെയും ഉപഭോക്താക്കളെയും എന്നും ചേർത്തുനിർത്തിയതിൽ ഇതിന് വളരെ വലിയ പ്രാധാന്യമുണ്ടായിരുന്നു
കാലിഫോർണിയ: സാങ്കേതിക ലോകത്തിന്റെ വളർച്ചയ്ക്കനുസരിച്ച് തങ്ങളുടെ കുതിപ്പ് തുടരാനാണ് ആപ്പിളിന്റെ തീരുമാനം. ഇനി ഐ ഫോണിൽ മാത്രം കൂടുതൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനല്ല, മറിച്ച് വ്യത്യസ്ത ഉൽപ്പന്നങ്ങളിലൂടെ സാങ്കേതിക വിപണിയെ ഒന്നടങ്കം പിടിച്ചടക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. സാൻഹോസിൽ നടക്കുന്ന ആഗോള ഡവലപർ കോൺഫറൻസിൽ ടിം കുക്കാണ് മുഖ്യപ്രഭാഷണം നടത്തുക.
ആപ്പിളിന്റെ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങളാണ് ടിം കുക്കിൽ നിന്ന് സാങ്കേതിക ലോകം പ്രതീക്ഷിക്കുന്നത്. ഇക്കുറി പുതിയ ഐഫോണോ, ആപ്പിൾ വാച്ചോ ആയിരിക്കില്ല മറിച്ച് പുതിയ മാക് പ്രോ ആകും കോൺഫറൻസിന്റെ മുഖ്യ ആകർഷണം എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
ആപ്പിൾ വാച്ചിനെ കൂടുതൽ സ്വതന്ത്രമാക്കി, ഇതിൽ തന്നെ സ്വന്തമായ ആപ്പ് സ്റ്റോറും കാൽക്കുലേറ്ററും വോയ്സ് റെക്കോർഡറും അടക്കമുള്ള ആപ്പുകൾ കൂടി ഉൾപ്പെടുത്തി രംഗത്തിറക്കാനാണ് നീക്കം.
ഇതിനെല്ലാം പുറമെയാണ് നീണ്ട 18 വർഷമായി തങ്ങൾ തുടർന്ന് വരുന്ന ഒരു പ്രധാന സേവനം അവസാനിപ്പിക്കാൻ അവർ ഒരുങ്ങുന്നത്. ഐ ട്യൂണിലൂടെയാണ് ആപ്പിൾ ഉപഭോക്താക്കൾ ഇത്ര കാലം പാട്ട് കേട്ടതും, സിനിമ കണ്ടതും, ടിവി കണ്ടതുമെല്ലാം. എന്നാൽ ഇനി ഐ ട്യൂൺ വേണ്ടെന്ന തീരുമാനത്തിലാണ് ആപ്പിൾ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കമ്പനി പുതുതായി പുറത്തിറക്കുന്ന മൂന്ന് ഉൽപ്പന്നങ്ങളാണ് ഇതിന് കാരണം. മാക് - മ്യൂസിക്, ടിവി, പോഡ്‌കാസ്റ്റ് എന്നീ വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. ഐ ട്യൂണില്ലെങ്കിലും മ്യൂസിക് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാതെ പാട്ടുകൾ കേൾക്കാൻ സാധിക്കും.