ഉടന്‍ വരുന്നു എയര്‍ടെല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്, ബഹിരാകാശത്ത് ഇതിനു സൗകര്യമൊരുക്കുന്നത് ഇസ്രോ
ഭാരതി എയര്‍ടെല്ലും യുകെ ആസ്ഥാനമായുള്ള ആഗോള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹ കമ്പനിയായ വണ്‍വെബും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുമായി ഒന്നിക്കുന്നു.
ഭാരതി എയര്‍ടെല്ലും യുകെ ആസ്ഥാനമായുള്ള ആഗോള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹ കമ്പനിയായ വണ്‍വെബും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുമായി ഒന്നിക്കുന്നു. ഇവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇസ്രോയുടെ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി-എംകെ III, പിഎസ്എല്‍വി എന്നിവ ഉപയോഗിക്കാന്‍ ധാരണയിലെത്തി.
സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് പോലെ, ബഹിരാകാശത്തിലൂടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്ന താഴ്ന്ന ഭ്രമണപഥത്തില്‍ (LEO) 650 ഉപഗ്രഹങ്ങളുടെ ഒരു ഉപഗ്രഹസമൂഹം നിര്‍മ്മിക്കാന്‍ വണ്‍വെബ് പദ്ധതിയിടുന്നു. ഇപ്പോള്‍ ഇതുവരെ, ഇത്തരം 322 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കഴിഞ്ഞു. ഇതിന്റെ വിക്ഷേപണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ഇസ്രോയുടെ സേവനങ്ങള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.
ഇസ്രോയുടെ ജിഎസ്എല്‍വി വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഇതോടെ വണ്‍വെബ് മാറും. ഇസ്രോയുടെ റോക്കറ്റിന് പത്ത് ടണ്‍ ഭാരം വരെ താഴ്ന്ന ഭ്രമണപഥത്തിലേക്കും നാല് ടണ്‍ ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്കും എളുപ്പത്തില്‍ കൊണ്ടുപോകാനും വിക്ഷേപിക്കാനും കഴിയും. ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ വിക്ഷേപണ വേളയില്‍ സുനില്‍ ഭാരതി മിത്തലാണ് ഈ പ്രഖ്യാപനം നടത്തിയത്.
2022 ന്റെ മധ്യത്തില്‍ വണ്‍വെബ് ഇന്ത്യയില്‍ അതിന്റെ സേവനങ്ങള്‍ ആരംഭിക്കുമെന്ന് മിത്തല്‍ അറിയിച്ചു. ബഹിരാകാശത്ത് 322 ഉപഗ്രഹങ്ങള്‍ മാത്രമുള്ള വണ്‍വെബ് അടുത്ത വര്‍ഷം പകുതിയോടെ രാജ്യം മുഴുവന്‍ അതിന്റെ സേവനങ്ങള്‍ നല്‍കും. കടല്‍, മരുഭൂമികള്‍, വനങ്ങള്‍, പ്രധാനമായും ഗ്രാമീണ ഉള്‍പ്രദേശം എന്നിവിങ്ങളിലെല്ലാം ഇതോടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും.