8 വയസുള്ള ബ്രസീലിയന്‍ പെണ്‍കുട്ടി ലോകത്തിലെ പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞ, കണ്ടെത്തിയത് 18 ഛിന്നഗ്രഹങ്ങൾ!
18 വയസുള്ള ഇറ്റാലിയന്‍ ലുയിഗി സാനിനോയുടെ റെക്കോര്‍ഡ് മറികടന്ന് ഔദ്യോഗികമായി ഒരു ഛിന്നഗ്രഹം കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒലിവേര മാറും.
ഇനി നിക്കോള്‍ ഒലിവേര (Nicole Olive) എന്ന എട്ടു വയസ്സുകാരി ബ്രസീലിയന്‍ (Brazil) പെണ്‍കുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയായി (Astronomer) അറിയപ്പെടും. നാസയുമായി (NASA) ബന്ധപ്പെട്ട പ്രോഗ്രാമിന്റെ ഭാഗമായി ഛിന്നഗ്രഹങ്ങള്‍ (Asteroid) തിരയുന്ന ഇവള്‍ അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുക്കുകയും ബ്രസീലിലെ മികച്ച ശാസ്ത്ര വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു. ഒലിവേരയുടെ മുറിയില്‍, സോളാര്‍ സിസ്റ്റം, മിനിയേച്ചര്‍ റോക്കറ്റുകള്‍, സ്റ്റാര്‍ വാര്‍സ് പോലെ അവളുടെ കമ്പ്യൂട്ടറില്‍ രണ്ട് വലിയ സ്‌ക്രീനുകളില്‍ ആകാശത്തിന്റെ ചിത്രങ്ങള്‍ എന്നിവ നിറഞ്ഞു നില്‍ക്കുന്നു. ബ്രസീലിലെ ശാസ്ത്ര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നാസയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സിറ്റിസണ്‍ സയന്‍സ് പ്രോഗ്രാം ആയ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെര്‍ച്ചാണ് ഇത് നടത്തുന്നത്.
നിക്കോൾ ഇതിനകം 18 ഛിന്നഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എഎഫ്പിയോട് പറഞ്ഞു. 'ഞാന്‍ അവര്‍ക്ക് ബ്രസീലിയന്‍ ശാസ്ത്രജ്ഞരുടെ പേരുകള്‍ നല്‍കും, അല്ലെങ്കില്‍ എന്റെ കുടുംബത്തിലെ അംഗങ്ങള്‍, എന്റെ അമ്മയോ അച്ഛനോ പോലെ,' അവള്‍ പറഞ്ഞു. 18 വയസുള്ള ഇറ്റാലിയന്‍ ലുയിഗി സാനിനോയുടെ റെക്കോര്‍ഡ് മറികടന്ന് ഔദ്യോഗികമായി ഒരു ഛിന്നഗ്രഹം കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒലിവേര മാറും. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫോര്‍ട്ടലേസ നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഒലിവേര. 'ഏറ്റവും പ്രധാനപ്പെട്ട കാര്യം അവള്‍ തന്റെ അറിവ് മറ്റ് കുട്ടികളുമായി പങ്കിടുന്നു എന്നതാണ്. ശാസ്ത്രത്തിന്റെ പ്രചരണത്തിന് അവള്‍ സംഭാവന നല്‍കുന്നു, ' അധ്യാപകന്‍ റോഡ്രിഗസ് മൊറേറ പറയുന്നു. നിക്കോളിന്‍ഹയുടെ കുടുംബം ഈ വര്‍ഷം തുടക്കത്തില്‍, പ്രശസ്തമായ സ്‌കൂളില്‍ ചേരുന്നതിന് ഏകദേശം 1,000 കിലോമീറ്റര്‍ അകലെയുള്ള അവരുടെ ജന്മനാടായ മാസിയോയില്‍ നിന്ന് ഫോര്‍ട്ടലേസയിലേക്ക് മാറി.
'അവള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍, അവള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി എന്നോട് ചോദിക്കും, അമ്മേ, എനിക്ക് ഒരു നക്ഷത്രം തരൂ,' കരകൗശല വ്യവസായത്തില്‍ ജോലി ചെയ്യുന്ന അവളുടെ അമ്മ സില്‍മ ജനക (43) പറഞ്ഞു. അവള്‍ക്ക് നാല് വയസ്സായപ്പോള്‍ ജന്മദിന സമ്മാനമായി ഒരു ടെലിസ്‌കോപ്പ് ആവശ്യപ്പെട്ടപ്പോള്‍ ജ്യോതിശാസ്ത്രത്തോടുള്ള ഈ അഭിനിവേശം ഗൗരവമുള്ളതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഒരു ദൂരദര്‍ശിനി എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, ''ജനക കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, അത്തരമൊരു സമ്മാനം കുടുംബത്തിന് വളരെ ചെലവേറിയതായിരുന്നു, പെണ്‍കുട്ടിക്ക് 7 വയസ്സ് തികഞ്ഞപ്പോള്‍ മാത്രമാണ് അത് ലഭിച്ചത്, അവളുടെ എല്ലാ സുഹൃത്തുക്കളും ഇതു വാങ്ങുന്നതിനായി പണം സ്വരൂപിച്ചു, അവളുടെ അമ്മ പറഞ്ഞു.
SN 1997D എന്ന സൂപ്പര്‍നോവയുടെ കണ്ടുപിടിത്തത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ദുയിലിയ ഡി മെല്ലോയെപ്പോലുള്ള സ്വാധീനമുള്ള വ്യക്തികളെ നിക്കോളിന്‍ഹ തന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം, ഒലിവേര ബ്രസീലിയയിലേക്ക് പോയി ശാസ്ത്ര മന്ത്രിയെയും ബഹിരാകാശത്തേക്ക് പോയ ഒരേയൊരു ബ്രസീലുകാരന്‍ ബഹിരാകാശയാത്രികനായ മാര്‍ക്കോസ് പോണ്ടസിനെയും കണ്ടു. 'എനിക്ക് റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ട്. ഫ്‌ലോറിഡയിലെ നാസയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് അവരുടെ റോക്കറ്റുകള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ബ്രസീലിലെ എല്ലാ കുട്ടികള്‍ക്കും ബഹിരാകാശശാസ്ത്രത്തിലേക്ക് പ്രവേശനം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അവള്‍ പറയുന്നു. അവളുടെ ആഗ്രഹങ്ങള്‍ക്ക് ഇപ്പോള്‍ ആകാശത്തോളം ഉയരമുണ്ട്.