വിജ്ഞാന, തൊഴിൽ വൈദഗ്ധ്യം നൽകാൻ ഇന്ത്യയിലെമ്പാടും പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് വിഘ്‍നേഷ് വിജയകുമാർ

ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണയായി എത്തിയ  മഹീന്ദ്ര  ഥാർ ലേലത്തിൽ വാങ്ങിയതിന് പിന്നില്‍ ഭക്തിയോടൊപ്പം ഈയൊരു ഉൾപ്രേരണയും കാരണമായുണ്ട്, അത് പൊങ്ങച്ചത്തിനു വേണ്ടിയല്ല.

Vignesh Vijayakumar who owned the Mahindra Thar from Guvuvayur temple to open training institutes across india

ദുബൈ: വിജ്ഞാന, തൊഴിൽ വൈദഗ്ധ്യം നൽകാൻ ഇന്ത്യയിലെമ്പാടും പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് ദുബൈ ആസ്ഥാനമായുള്ള ഗ്ലോബൽ സ്‍മാർട് ഗ്രൂപ്പ് എം.ഡി വിഘ്‍നേഷ് വിജയകുമാർ മേനോൻ പറഞ്ഞു. ലാഭേച്ഛയില്ലാതെയാണ് കേന്ദ്രങ്ങൾ തുറക്കുക. ആയിരം കേന്ദ്രങ്ങളാണ് പ്രാഥമിക ലക്ഷ്യം. ഗൾഫിലെ ഒരു സംരഭകനെന്ന നിലയിൽ സ്വന്തം രാജ്യത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ സ്മാർട് ഗ്രൂപ്പിന് കീഴിൽ ഗ്ലോബൽ സഞ്ചാരി, ഗ്ലോബൽ സ്‍മാർട് ട്രേഡിങ് എന്നിങ്ങനെ ഒമ്പത് സംരംഭങ്ങൾ ഉണ്ട്. ഈയിടെ പുതിയ കോർപറേറ്റ് ഓഫീസ് ദുബൈയിൽ ആരംഭിച്ചു. ഐ വെൽത്ത് എന്ന പേരിലാണിത്. ഇതാണ് ഇന്ത്യയിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുക. കേന്ദ്ര സർക്കാറിന്റെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

"ചെറിയ നിലയിൽ നിന്ന് ആരംഭിച്ചതാണ് യാത്ര. നൂറ് ദിർഹമായിരുന്നു ആദ്യ മുതൽ മുടക്ക്. ഒരു ബക്കറ്റും മൂന്ന്  തുണിയും ഷൈനിങ്   ലിക്വിഡും ആയിരുന്നു സാമഗ്രികൾ. വാഹനം  കഴുകലായിരുന്നു ആ സംരംഭം. ഇന്ന് 14 ആഢംബര വാഹനങ്ങൾ സ്വന്തമായുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണയായി എത്തിയ  മഹീന്ദ്ര  ഥാർ ലേലത്തിൽ വാങ്ങിയത് ഭക്തിയോടൊപ്പം ഈയൊരു ഉൾപ്രേരണയും കാരണമായുണ്ട്, പൊങ്ങച്ചത്തിനു വേണ്ടിയല്ല.

ഗൾഫിൽ തൊഴിൽ തേടി വരുന്നവർ മുമ്പൊക്കെ വിസാ മാറ്റത്തിന് കസബിൽ പോകുമായിരുന്നു. അവർക്ക് സുരക്ഷിത യാത്ര പ്രശ്‌നമായിരുന്നു. ആ മേഖലയിലും പ്രവർത്തിച്ചു. കസബിൽ കുടുങ്ങിക്കിടന്ന മുന്നൂറോളം ഫിലിപ്പൈനികളെ യുഎഇയിലേക്ക് മടങ്ങാൻ സഹായിച്ചു. ഇപ്പോൾ സംരംഭങ്ങൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണെന്നും വിഘ്‌നേഷ് എന്ന വിക്കി പറഞ്ഞു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ വിക്കി ഈയിടെ അജ്‍മാനിൽ ഫാം ഹൗസ് വാങ്ങിയിട്ടുണ്ട്. പശു, കുതിര, ആട്, മയിൽ എന്നിങ്ങനെയുള്ള പക്ഷി മൃഗാദികളും ആലയങ്ങളും സമ്മേളന കേന്ദ്രവും ഉൾപ്പെടുന്നതാണ് ഫാം ഹൗസ്. ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ ഹാഷിഖ്, ഷാജഹാൻ എന്നിവരും പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios