Expo 2020 : എക്‌സ്‌പോയില്‍ ദേശീയ ദിനാഘോഷ പരിപാടികളുമായി പരാഗ്വെ
പരാഗ്വെ പ്രസിഡന്റ് മരിയോ അബ്ദോ ബെന്തെസും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
ദുബൈ : എക്‌സ്‌പോ 2020യിലെ (Expo 2020) പരാഗ്വെ പവലിയനില്‍ (Paraguay pavilion) സാമ്പത്തിക-നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടികള്‍ സമാപിച്ചു. നിക്ഷേപം, കയറ്റുമതി സാധ്യതകള്‍, പ്രധാന ഉല്പന്നങ്ങള്‍ എന്നിവയില്‍ തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ബിസിനസ് സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഈ പരിപാടികള്‍ മുഖേന കഴിഞ്ഞുവെന്ന് പരാഗ്വെ പവലിയന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരാഗ്വെ പ്രസിഡന്റ് മരിയോ അബ്ദോ ബെന്തെസ്, വ്യവസായ-വാണിജ്യ മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോ കാസ്റ്റിഗ്‌ളിയൂനി, സാമ്പത്തിക-വിദേശ മന്ത്രി റൗള്‍കാനോ റിക്കാര്‍ഡി എന്നിവരുടെ സാിധ്യത്തില്‍ അല്വസ്ല്‌ഡോമിലാണ് പ്രധാന പരിപാടികള്‍ നടന്നത്. പരാഗ്വെയില്‍ നിന്നുള്ള 80 ബിസിനസ് ഡെലിഗേറ്റുകളും യുഎഇയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഉഭയകക്ഷി വ്യാപാരവും ദ്വിമുഖ നിക്ഷേപവും വര്‍ധിപ്പിക്കാനും മേഖലയിലുടനീളം പൊതുവില്‍ വ്യാപാരം വിപുലീകരിക്കാനുമായി റിപ്പബ്‌ളിക് ഓഫ് പരാഗ്വേ യുഎഇയില്‍ എംബസി തുറന്നിട്ടുണ്ട്.
പരാഗ്വേ ഈ മേഖലയില്‍ ഇതുവരെ നടത്തിയതില്‍ വച്ചേറ്റവും വലിയ ബിസിനസ് ഫോറത്തില്‍ മുഖ്യ പ്രഭാഷണം നിര്വഹിക്കവേ, എക്‌സ്‌പോ 2020യിലെ രാജ്യത്തിന്റെ പങ്കാളിത്ത സാധ്യതകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്ന് മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോ കാസ്റ്റിഗ്‌ളിയൂനി പറഞ്ഞു. വികസന അജണ്ടയുടെ ഭാഗമായാണ് പുതിയ എംബസി സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
''രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ, സംസ്‌കാരം, ഭക്ഷണം, വിനോദ സഞ്ചാരം, നിക്ഷേപാവസരങ്ങള്‍ എന്നിവയിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാനുള്ള വലിയ അവസരമാണ് പരാഗ്വെയെ സംബന്ധിച്ചിടത്തോളം എക്‌സ്‌പോ 2020'' -എക്‌സ്‌പോ 2020യിലെ പരാഗ്വെ പവലിയന്‍ കമ്മീഷണര്‍ ജനറല്‍ ജോസ് അഗ്യൂറോ അവില പറഞ്ഞു.
ഗ്രാമി അവാരര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'ടിയറ അഡെന്‍ട്ര' ബാന്‍ഡ് അടക്കമുള്ള നാടന്‍ കലാപ്രകടനങ്ങളും 'ബാലെ ഇബെറോഅമരിക്കാനോ' എന്ന ബാലെയും ദേശീയ ദിനാഘോഷങ്ങളിലുള്‍പ്പെട്ടിരുന്നു. പരാഗ്വെന്‍ സാമ്പത്തിക മേഖലയുടെ മികവും കയറ്റുമതി ശേഷിയും നിക്ഷേപക അനുകൂല ഘടകങ്ങളും അവതരിപ്പിക്കാന്‍ ഒരു ബിസിനസ് ഫോറം സംഘടിപ്പിച്ചു. മിഡില്‍ഈസ്റ്റില്‍ ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍ വച്ചേറ്റവും വലുതായിരുന്നു ഇത്. മന്ത്രിമാരും പരാഗ്വെന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റും പങ്കെടുത്തു.
നിക്ഷേപത്തിന് ഏറ്റവും പരിഗണിക്കപ്പെടുന്ന ഇടമായും, ബിസിനസിനും വ്യാപാരത്തിനും തുറന്ന മന:സ്ഥിതിയുള്ള രാജ്യമായും പരാഗ്വെയെ എടുത്തു കാട്ടാന്‍ ഫോറത്തില്‍ ഊന്നലുണ്ടായിരുന്നു. യുഎഇയുമായുള്ള പരാഗ്വെയുടെ സാമ്പത്തിക പങ്കാളിത്തം ഇന്ന് ദൃഢമാണ്. ഈ ബന്ധത്തെ കൂടുതല്‍ രുത്തുറ്റതാക്കാന്‍ എക്‌സ്‌പോ 2020 സഹായിച്ചു -അഗ്യൂറോ വ്യക്തമാക്കി.
മേത്തരം ഗുണനിലവാരമുള്ള പരാഗ്വെന്മാംസത്തിന്റെ പ്രദര്‍ശനവും 'നൈറ്റ് ഓഫ് പരാഗ്വെയന്മീറ്റ്' എന്ന പേരില്‍ നടന്നു. ഭക്ഷ്യ മേഖലയില്‍ നിന്നുള്ള സംരംഭകരും റീടെയില്‍, ലോക്കല്‍ റീജ്യനല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരും സംബന്ധിച്ചു.
എക്‌സ്‌പോയില്‍ 'ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഇടം' എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യമാണ് പരാഗ്വെ. പുനരുപയോഗ ഊര്‌ജോല്പാദനത്തിലും നിക്ഷേപാവസരങ്ങളിലും ജലം തന്ത്രപരമായി ഉപയോഗിക്കുന്നതിലെ സാധ്യതകള്‍ തേടുന്നതിലും മുന്നേറാന്‍ ശ്രമിക്കുകയാണ് പരാഗ്വെ.