കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ഈ മാസം 20ന് കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ അസീസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
റിയാദ്: കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം, തേഞ്ഞിപ്പാലം, ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്ദുൽ അസീസ് (47) ആണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ മരിച്ചത്. 18 വർഷമായി ഖത്വീഫിൽ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തി വരികയായിരുന്നു.
ഈ മാസം 20ന് കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ അസീസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പരേതനായ അലവി പോക്കാട്ടുങ്കലിന്റെയും ബീയക്കുട്ടിയുടേയും രണ്ടാമത്തെ മകനാണ്. സുഹ്റയാണ് ഭാര്യ. മുഹ്സിന (15), മുഫീദ (12), മുഹമ്മദ് റയാൻ (3) എന്നിവർ മക്കളാണ്.
മുഹമ്മദലി ബാപ്പു, സിദ്ദീഖ് (ഖത്വീഫ്), അഷറഫ് (റിയാദ്), മൊയ്തീൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സി.പി. ഷരീഫ്, ടി.എം. ഹംസ, റസാഖ് ചാലിശ്ശേരി എന്നിവർ രംഗത്തുണ്ട്.