പിഞ്ചുകുഞ്ഞുങ്ങളെ പിരിഞ്ഞ വേദന ഉള്ളിലൊതുക്കി കൊവിഡിനെ ചെറുക്കാന്‍ യുഎഇയിലേക്ക്; അഭിമാനമായി മലയാളി നഴ്‌സുമാര്‍
'കുഞ്ഞിനെ പിരിയുന്നത് ഹൃദയഭേദകമാണ്. എങ്കിലും ഈ സാഹചര്യത്തില്‍ ലോകത്തിന് എന്റെ സേവനം അനിവാര്യമാണ്. വലിയൊരു ലക്ഷ്യത്തിനായി ഞാനെന്റെ സന്തോഷം ത്യജിക്കുകയാണ്'-നഴ്സായ റീനു അഗസ്റ്റിന്‍ പറയുന്നു.
അബുദാബി: ലോകമെമ്പാടും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ അണിചേരുമ്പോള്‍ അഭിമാനമായി മലയാളി നഴ്‌സുമാര്‍. ആതുരസേവനത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് കാലത്ത് നിരവധി പേര്‍ക്ക് സാന്ത്വനസ്പര്‍ശമാകുകയാണ്. സ്വന്തം കുടുംബത്തെയും പിഞ്ചുകുഞ്ഞുങ്ങളെയും പിരിയുന്ന വേദന ഉള്ളിലൊതുക്കിയാണ് കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് യുഎഇയിലേക്ക് ഓരോ ആരോഗ്യപ്രവര്‍ത്തകരും യാത്ര തിരിച്ചത്.
നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ചാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് റീനു അഗസ്റ്റിന്‍ യുഎഇയിലേക്ക് വിമാനം കയറിയത്. കൊവിഡ് ബാധിച്ച നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതാണ് കൂടുതല്‍ പ്രധാന്യമെന്ന് റീനു അഭിമാനത്തോടെ പറയുന്നു. രണ്ടു മക്കളുടെ അമ്മയായ റീനുവിന്റെ മൂത്ത മകള്‍ക്ക് നാലു വയസ്സാണ് പ്രായം. 'കുഞ്ഞിനെ പിരിയുന്നത് ഹൃദയഭേദകമാണ്. എങ്കിലും ഈ സാഹചര്യത്തില്‍ ലോകത്തിന് എന്റെ സേവനം അനിവാര്യമാണ്. വലിയൊരു ലക്ഷ്യത്തിനായി ഞാനെന്റെ സന്തോഷം ത്യജിക്കുകയാണ്'- യുഎഇയില്‍ വിമാനമിറങ്ങിയ റീനു 'ഖലീജ് ടൈംസിനോട്' പറഞ്ഞു.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യയുടെയും യുഎഇയുടെയും പതാകകളേന്തി എത്തിയത് കോഴിക്കോടുകാരിയായ കെ ടി കമറുന്നീസയ്ക്ക് അഭിമാന നിമിഷമായിരുന്നു. ആറു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് യാത്ര തിരിച്ചതെങ്കിലും വലിയൊരു ദൗത്യത്തിന്റെ ഭാഗമാകുന്നതിലുള്ള ചാരുതാര്‍ത്ഥ്യമാണ് കമറുന്നീസയ്ക്കുള്ളത്. കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സന്നദ്ധ സേവനം നടത്താനുള്ള താല്‍പ്പര്യം കോഴിക്കോട്ടെ ആരോഗ്യ വിഭാഗത്തെയും ജില്ലാ അധികൃതരെയും അറിയിച്ചിരുന്നു. പിന്നീടാണ് യുഎഇയിലേക്കുള്ള മെഡിക്കല്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിലേക്ക് അപേക്ഷിച്ചത്. യുഎഇയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനം ആത്മവിശ്വാസം നല്‍കി എന്നും കമറുന്നീസ പറഞ്ഞു.
നാലു മാസം മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനെ ലാളിച്ച് കൊതി തീരാതെയാണ് കോതമംഗലം സ്വദേശി വിനോദ് സെബാസ്റ്റ്യന്‍ അബുദാബിയിലെത്തിയത്. കുടുംബത്തെ പിരിഞ്ഞ് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ആദ്യമായാണെങ്കിലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹം. 2018ലെ പ്രളയത്തില്‍ വയനാട് ജില്ല കേന്ദ്രീകരിച്ച് സേവനം നടത്തിയ മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു വിനോദ്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവില്‍ ജോലി ചെയ്തതിന്റെ ആത്മവിശ്വാസവുമായാണ് കോട്ടയം സ്വദേശി പിങ്കിമോള്‍ മാത്യു ആദ്യമായി അബുദാബിയിലെത്തുന്നത്. വീട്ടുകാരുടെ പിന്തുണ യുഎഇയിലേക്കുള്ള മെഡിക്കല്‍ സംഘത്തിന്റെ ഭാഗമാകാനുള്ള അപേക്ഷ നല്‍കുമ്പോള്‍ ലഭിച്ചെന്ന് പിങ്കി പറയുന്നു. അച്ഛനും അമ്മയും അനിയനും പിന്തുണച്ചെന്നും അവര്‍ക്ക് അഭിമാനമാണ് താനെന്ന വാക്കുകള്‍ പ്രചോദനം നല്‍കിയെന്നും പിങ്കി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പോരാട്ടത്തിലെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലും ഈ അനുഭവം മറക്കില്ലെന്നും നഴ്‌സായ തിരുവനന്തപുരം സ്വദേശി വി ആര്‍ രാഖി പറയുന്നു. കൊവിഡിനെ തോല്‍പ്പിച്ച് മടങ്ങി വരുന്ന അമ്മയെ കാത്തിരിക്കുകയാണ് രാഖിയുടെ ആറുവയസ്സുകാരിയായ മകള്‍. ഇവരെപ്പോലെ പ്രിയപ്പെട്ടവരെ പിരിഞ്ഞാണ് ഓരോ ആരോഗ്യപ്രവര്‍ത്തകരും വലിയൊരു ദൗത്യത്തിന്റെ ഭാഗമാകുന്നത്. അതിലൂടെ കേരളത്തിന്റെ അഭിമാനമാകുന്നതും.
കേരളത്തില്‍ നിന്നുള്ള നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് യുഎഇയിലെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഇവര്‍ അബുദാബി വിമാനത്താവളത്തിലെത്തി.