പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു.
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി (49)നിര്യാതനായത്. ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു. 24 വര്‍ഷമായി ഇദ്ദേഹം ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സിംജ, മക്കള്‍: അദ്വൈത, ദത്താത്രേയ.
Read Also - കോക്പിറ്റില്‍ കൊച്ചുമകന്‍; വല്ല്യുപ്പക്കും വല്ല്യുമ്മക്കും നസീം ആകാശത്തൊരുക്കിയ സര്‍പ്രൈസ്, ഇത് സ്വപ്നയാത്ര
എക്സിറ്റ് അടിച്ച് നാട്ടിൽ പോകാനിരിക്കെ ജയിലിലായി; നിരപരാധിത്വം തെളിയിക്കാൻ മൂന്നു വർഷം, ഒടുവില്‍ നാട്ടിലേക്ക്
റിയാദ്: കൊലപാതക കുറ്റം ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം സൗദി ജയിലിലടക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശി മൊലയ് റാമിന്‍റെ നിരപരാധിത്വം തെളിഞ്ഞു. മോചിതനായ ഇയാൾ ഉടൻ നാട്ടിലേക്ക് മടങ്ങും. 2007ൽ റിയാദിന് സമീപം അൽഖർജ് പ്രദേശത്തെ ഒരു കൃഷിത്തോട്ടത്തിൽ ജോലിക്കായി എത്തിയതായിരുന്നു.
2020 ലാണ് കേസിനാസ്പദമായ സംഭവം. കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം ഇടിച്ച് മറ്റൊരു ബംഗ്ലാദേശി മരിച്ചു. മനപ്പൂർവമുള്ള നരഹത്യയായി കേസാവുകയും കൂടെയുണ്ടായിരുന്നവരെന്ന നിലയിൽ മൊലയ് റാം അടക്കമുള്ളവർ അറസ്റ്റിലാവുകയുമായിരുന്നു. കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടത്തിെൻറ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും അറസ്റ്റിലായവർ വിചാരണാ തടവുകാരായി ജയിലിൽ കഴിയേണ്ടിയും വന്നു. മൊലയ് റാമിന്‍റെ ബന്ധുക്കൾ സുഹൃത്തുക്കൾ മുഖേന സഹായത്തിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു.
കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി ഇന്ത്യൻ എംബസി നിർദേശ പ്രകാരം വിഷയത്തിൽ ഇടപെടുകയും മൂന്നുവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു. മൊലയ് റാം എക്സിറ്റ് അടിച്ച് നാട്ടിൽ പോകാനിരുന്നതിന്‍റെ തലേദിവസമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനിടയിൽ കോവിഡ് പിടിപെട്ട് ഭാര്യ മരണമടഞ്ഞതിനെ തുടർന്ന് ഏക മകൻ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
നിരപരാധിത്വം തെളിഞ്ഞു ജയിൽ മോചിതനായ മൊലയ് റാം നാടണയുന്നതിന്ന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വന്നു. എക്സിറ്റ് അടിച്ച് സൗദിയിൽ നിന്നും പുറത്തു പോകാതിരുന്നതിനാൽ എക്സിറ്റ് വിസ റദ്ദാക്കുന്നതിനും വീണ്ടും എക്സിറ്റ് അടിക്കുന്നതിനുമായി 1,000 റിയാൽ പിഴ ഒടുക്കാനുണ്ടായത് ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിൽ ഒഴിവായി കിട്ടി. വിധി നടപ്പായെങ്കിലും മറ്റു രേഖകൾ ശരിയാക്കുന്നതിന്ന് മാസങ്ങളെടുത്തു. കേളി ജീവകാരുണ്യ വിഭാഗത്തിന്‍റെ നിരന്തര ഇടപെടലും എംബസിയുടെ നിർലോഭമായ സഹകരണവും മൂലം എല്ലാ രേഖകളും ശരിയാക്കി മൊലയ് റാമിന് എക്സിറ്റ് ലഭിച്ചു. സുമനസ്സുകൾ സമ്മാനിച്ച ടിക്കറ്റുമായി മൊലയ് റാം അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...