എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
ചൊവ്വാഴ്ച എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പവിത്രന്റെ മകന്‍ ധനൂപിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. അന്ന് രാത്രി തന്നെയായിരുന്നു പവിത്രന്റെ അപ്രതീക്ഷിത വിയോഗവും.
റാസല്‍ഖൈമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് വരവെ, പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട്, കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ (50) ആണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. തുടര്‍ന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയപ്പോള്‍ കൊവിഡ‍് സ്ഥിരീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ച എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പവിത്രന്റെ മകന്‍ ധനൂപിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. അന്ന് രാത്രി തന്നെയായിരുന്നു പവിത്രന്റെ അപ്രതീക്ഷിത വിയോഗവും. രണ്ട് വര്‍ഷം മുമ്പാണ് പവിത്രന്‍ യുഎഇയിലെത്തിയത്. അജ്മാനില്‍ ഗോള്‍ഡ് സ്‍മിത്ത് ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ നാല് മാസമായി ജോലി ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാത്രി 11.40ന് കോഴിക്കോടേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ റാസല്‍ഖൈമ ചേതന പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ടിക്കറ്റ് തരപ്പെടുത്തിയത്.
അജ്മാനില്‍ നിന്ന് ബസ് മാര്‍ഗമാണ് റാസല്‍ഖൈമയിലെത്തിയത്. വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയില്‍ തന്നെ മൃതദേഹം സംസ്കരിച്ചു. വീട്ടില്‍ ഭര്‍ത്താവിന് ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യവും, വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്താന്‍ അയല്‍വാസികളുടെ സഹായത്തോടെ ടാക്സി വാഹനവും ഏര്‍പ്പെടുത്തി കാത്തിരിക്കുകയായിരുന്നു ഭാര്യ സുമിത്ര. മക്കള്‍: ധനുഷ, ധനൂപ്, ധമന്യ.