സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പ്രവാസികളും; ഇന്ത്യന്‍ എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
ഇന്ത്യന്‍ എംബസികളില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
അബുദാബി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് പ്രവാസികളും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
ഇന്ത്യന്‍ എംബസിയിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി. എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും കോൺസുലേറ്റിൽ സതീഷ് കുമാർ ശിവയും ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സംഗീതവും നൃത്തവും ഉള്‍പ്പെടെ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ആഘോഷ പരിപാടികളില്‍ സംബന്ധിച്ചത്.
മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ഏഴ് മണിക്ക് അംബാസഡര്‍ അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വദേശി പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രത്യേക അതിഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും ദേശഭക്തി ഗാനാലാപനവും നടന്നു. കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങുകൾക്ക് അംബാസഡർ ഡോ. ആദർശ സ്വൈഖ നേതൃത്വം നൽകി. രാവിലെ എട്ടുമണിക്ക് രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ അംബാസഡർ പുഷ്‌പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ചടങ്ങിൽ രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം വായിച്ചു. നിരവധി ഇന്ത്യക്കാരാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..