വൈഫൈ ഇന്റര്‍നെറ്റ് പങ്കുവെച്ചതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു
സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനില്‍ അനധികൃതമായി ബൂസ്റ്റര്‍ ഘടിപ്പിച്ചാണ് അയല്‍വാസികള്‍ക്ക് പങ്കുവെച്ചത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന് ഓരോരുത്തരില്‍ നിന്നും ഇയാള്‍ പണവും വാങ്ങിയിരുന്നു.
ഉമ്മുല്‍ഖുവൈന്‍: ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പണം വാങ്ങിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന ഏഷ്യക്കാരാനാണ് അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ചിലര്‍ക്ക് തന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കുവെച്ച് നല്‍കി പണം കൈപ്പറ്റിയത്. ഉമ്മുല്‍ഖുവൈന്‍ കോടതി ഇയാള്‍ക്ക് 50,000 ദിര്‍ഹം (9.68 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷയാണ് വിധിച്ചത്.
സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനില്‍ അനധികൃതമായി ബൂസ്റ്റര്‍ ഘടിപ്പിച്ചാണ് അയല്‍വാസികള്‍ക്ക് പങ്കുവെച്ചത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന് ഓരോരുത്തരില്‍ നിന്നും ഇയാള്‍ പണവും വാങ്ങിയിരുന്നു. ഫെഡറല്‍ നിയമം 3/2003 പ്രകാരവും ഭേദഗതി ചെയ്ത ഫെഡറല്‍ നിയമം 5/2008 പ്രകാരവും ഇത് നിയമവിരുദ്ധമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രവാസി പിടിയിലായത്. തട്ടിപ്പുകള്‍ കണ്ടെത്താനായി ടെലികോം കമ്പനി നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്റെ പരാതി പ്രകാരമായിരുന്നു നടപടി. തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വന്‍തുക പിഴ ചുമത്തിയതിന് പുറമെ കോടതി ചിലവും വഹിക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.