സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 വിദേശികൾ കൂടി അറസ്റ്റിൽ

താമസ നിയമലംഘകരും തൊഴില്‍ നിയമലംഘകരും പിടിയിലായവരില്‍പ്പെടുന്നു. 

19831 illegals arrested in saudi in one week

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 പേര്‍ കൂടി പിടിയിലായി. 

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിയമലംഘകര്‍ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ 11,358  പേര്‍ താമസ നിയമലംഘകരാണ്. 

4,994  അതിർത്തി സുരക്ഷാ ലംഘകരും 3,479 തൊഴിൽ നിയമലംഘകരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ  1,303 പേർ അറസ്റ്റിലായി. ഇതിൽ  60 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്.  38  ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും.  അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ  173 പേർ അറസ്റ്റിലായി.

അതേസമയം താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ  25 പേര്‍ പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios