ഒറ്റ ഏറില്‍ ഫൈനലിന് യോഗ്യത നേടി നീരജ്; ജാവലിന്‍ ത്രോ ഫൈനലിന് നീരജിനൊപ്പം യോഗ്യത നേടിയ മറ്റ് 11 താരങ്ങൾ ഇവരാണ്

ഫൈനലില്‍ നീരജിന്‍റെ പ്രധാന എതിരാളികളിലൊരാളായ പാക് താരം അര്‍ഷാദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്.

Paris Olympics 2024:Neeraj Chopra and other 11 athletes qualifies for Javelin Throw Finals, Qualification is over

പാരീസ്: ഒളിംപിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം. ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍ പിന്നിട്ടാണ് നിലവിലെ ഒളിംപിക് ചാമ്പ്യനായ നീരജ് യോഗ്യത ഉറപ്പാക്കിയത്. സീസണിലെ ഏറ്റവും മികച്ച ത്രോയും യോഗ്യതാ റൗണ്ടിലെ മികച്ച ത്രോയും ആയിരുന്നു നീരജിന്‍റേത്.

ഫൈനലില്‍ നീരജിന്‍റെ പ്രധാന എതിരാളികളിലൊരാളായ പാക് താരം അര്‍ഷാദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ഏറ്റവും മികച്ച ദൂരം താണ്ടുന്ന 12 പേരാണ് ഫൈനലിലെത്തുക.

പാരീസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ, ചരിത്രനേട്ടവുമായി വിനേഷ് ഫോഗട്ട് വനിതാ ഗുസ്തി സെമിയില്‍

ജര്‍മനിയുടെ ജൂലിയൻ വെബ്ബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്‍റെ ടോണി കെരാനന്‍ (85.27), ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്(88.63), ബ്രസീലിന്‍റെ ഡാ സില്‍വ ലൂയിസ് മൗറീഷ്യോ(85.91), മോള്‍ഡോവൊയുടെ ആന്‍ഡ്രിയാന്‍ മര്‍ദാറെ(84.13)  എന്നിവർ യോഗ്യതക്ക് വേണ്ട 84 മീറ്റര്‍ ദൂരം താണ്ടി ഫൈനലിലെത്തി.

84 മീറ്റര്‍ പിന്നിട്ടില്ലെങ്കിലും യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം പിന്നിട്ട ഫിന്‍ലന്‍ഡിന്‍റെ ഒലിവര്‍ ഹെലാന്‍ഡര്‍(83.81), ട്രിന്‍ബാൻഗോനിയുടെ കെഷോം വാല്‍ക്കോട്ട്(83.02), ഫിന്‍ലന്‍ഡിന്‍റെ ലാസി എറ്റെലെറ്റാലോ(82.91) എന്നിവരും നീരജിനൊപ്പം മറ്റന്നാള്‍ നടക്കുന്ന മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി.

അതേസമയം, എ ഗ്രൂപ്പില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജനക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. മൂന്ന് അവസരങ്ങളിലും യോഗ്യതാ മാര്‍ക്കായ 84 മീറ്റര്‍ മറികടക്കാന്‍ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്തായിട്ടാണ് താരം മത്സരം അവസാനിപ്പിച്ചത്. മൂന്ന് ശ്രമങ്ങളില്‍ 80.73 മീറ്റര്‍ ദൂരമായിരുന്നു കിഷോറിന്‍റെ ഏറ്റവും മികച്ച ത്രോ. ഒരു ത്രോ ഫൗളായി. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ അതിനടുത്തെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കിഷോറന് സാധിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios