മുഹമ്മദ് അഷ്ഫാക്കിനും ഇവാന ടോമിക്കും കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ്
ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മിന്നും പ്രകടനമാണ് തലശ്ശേരി സായി യിലെ ഇവാനയെ അവാർഡിന് അർഹയാക്കിയത്
കൊച്ചി: കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷന്‍റെ മികച്ച അത്‍ലറ്റ്സിനുള്ള യു എച്ച് സിദ്ദിഖ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും പി ടി ബേബി മെമ്മോറിയൽ അവാർഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രാഫിയുമാണ് അവാർഡ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ റെക്കോർഡോടെ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി മിന്നുന്ന പ്രകടനം പുറന്നെടുത്തെടുത്തതാണ് തിരുവനന്തപുരം ജി വി രാജയിലെ അഷ്ഫാക്കിനെ അവാർഡിന് അർഹനാക്കിയത്.
ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മിന്നും പ്രകടനമാണ് തലശ്ശേരി സായി യിലെ ഇവാനയെ അവാർഡിന് അർഹയാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു.
കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് സ്റ്റാൻ റയാൻ, സെക്രട്ടറി സി. കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ അഷ്‌റഫ് തൈവളപ്പ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്‍റ് ആർ. ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ, കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ നിർവാഹക സമിതി അംഗങ്ങൾ, സ്പോർട്സ് ജേർണോസ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിൻ സെക്രട്ടറി പി ഐ ബാബു ചെയർമാനും കായികാധ്യാപകൻ ഡോ. ജിമ്മി ജോസഫ്, കായിക ലേഖകൻ സ്റ്റാൻ റയാൻ എന്നിവർ അംഗങ്ങളുമായ സമിതിയണ് അവാർഡുകൾ തീരുമാനിച്ചത്. ദേശീയ, അന്തർദേശീയ കായികമേളകളിൽ നിറസാന്നിധ്യമായിരുന്ന സുപ്രഭാതം റിപ്പേർട്ടർ യു എച്ച് സിദ്ദിഖിന്റെയും മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി ടി ബേബിയുടെയും സ്മരണാർത്ഥമാണ് അവാർഡുകൾ നൽകുന്നത്.