കുട്ടിക്കൂട്ടങ്ങളുടെ ഓണാഘോഷം...
കുട്ടിക്കൂട്ടങ്ങൾ എല്ലാം പാട്ടുപാടിയും വടംവലിച്ചും ഓണം ആഘോഷമാക്കും
ഓണം എത്തിയാൽ പിന്നെ കുട്ടികളുടെ ആഘോഷമാണ്. കുട്ടിക്കൂട്ടങ്ങൾ എല്ലാം പാട്ടുപാടിയും വടംവലിച്ചും ഓണക്കളികളുമായി ആഘോഷമാക്കും. എന്നാൽ ഇത്തവണ കോവിഡിനെത്തുടർന്ന് ആഘോഷങ്ങൾ ഒന്നും തന്നെയില്ലാ. കുട്ടികളെല്ലാം അവരവരുടെ വീടുകളിൽ മാത്രം ഓണം ആഘോഷിക്കേണ്ടിരിക്കുന്നു. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വേണം കുട്ടികൾ ഓണം ആഘോഷിക്കേണ്ടത്. ഈ കാര്യങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതു പോലെ തന്നെ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഓണം എന്താണെന്ന് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നതെന്നും അത്തം മുതൽ പൂക്കളമിട്ട് തുടങ്ങുമെന്നും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. അതുപോലെ തന്നെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ കഥകൾ കുട്ടികൾക്ക് മനോഹരമായി പറഞ്ഞു കൊടുക്കാം. ഓരോ കുഞ്ഞുങ്ങളുടെയും താല്പര്യത്തിന് അനുസരിച്ച് വേണം ആഖ്യാന രീതി. വീടിന്റെ പരിസരങ്ങളിൽ നിന്ന് പൂക്കൾ പറിച്ചെടുക്കാനും അവ വൃത്തിയാക്കാനും കുഞ്ഞു കൈകൾ കൊണ്ട് പൂക്കളം തീർക്കാനുമെല്ലാം മാതാപിതാക്കൾ പഠിപ്പിക്കണം. ഒപ്പം കുട്ടികളെ മാവേലി, വാമനൻ പോലുള്ള വേഷങ്ങൾ കെട്ടിക്കുന്നത് ഓണാഘോഷത്തിന് കൂടുതൽ ഭംഗി നൽകും.