മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

vajpayee passed away

ദില്ലി:  മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ​ഗലേറിയയുടെ മോൽനോട്ടത്തിലായിരുന്നു ചികിത്സ.

കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ  നിലനിർത്തിയത്.  അവസാന ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനം മോശമായിരുന്നു. മൂത്രാശയത്തില്‍ അണുബാധയേറ്റതായും ആശുപത്രിഅധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ ആരോഗ്യ നില  കടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അതീവ ഗുരുതരനിലയിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

മന്നു തവണ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായ അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലേറിയ അദ്ദേഹം 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാണ്  അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയക്കിയത്.  1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടു വര്‍ഷം വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു എബി വാജ്പേയി. തിരിച്ചടികളിൽ പതറാതെ മുന്നേറിയ അദ്ദേഹം മികച്ച പാർലമെന്‍റേറിയനായിരുന്നു.  രാഷ്ട്രീയക്കാരനെന്നതിനെക്കാൾ ഒരു കവിയായി അറിയപ്പെടണം എന്നായിരുന്നു എബി വാജ്പേയിയുടെ ആഗ്രഹം. കവിതയിൽ മാത്രമല്ല സിനിമയിലും ഫുട്ബോളിലുമൊക്കെ കമ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.

ആർഎസ്എസ് പ്രചാരകനായി തുടങ്ങി ജീവിതകാലം മുഴുവൻ സംഘപരിവാറിനൊപ്പം സഞ്ചരിച്ച വാജ്പേയി നിലപാടുകളിൽ ഉറച്ചു നിന്നപ്പോഴും സംവാദങ്ങൾക്ക് തയ്യാറായ നേതാവായിരുന്നു. തന്‍റെ അനുയായികൾ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചപ്പോൾ വാജ്പേയി മുന്നറിയിപ്പ് നൽകാൻ മടിച്ചില്ല. 

1924ല്‍ ഗ്വാളിയോറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി ബ്രാഹ്മണ കുടുംബത്തിലായിരുന്നു വാജ്പേയിയുടെ ജനനം. കവിയും സ്കൂള്‍ അധ്യാപകനുമായ അച്ഛന്‍റെ പാത അദ്ദേഹവും പിന്തുടര്‍ന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്‌കൃതത്തിലും ബിരുദം കരസ്ഥമാക്കി. ഗ്വാളിയോറിലെ വിക്ടോറിയ കോളജിലായിരുന്നു വാജ്പേയ്‍യുടെ കലാലയ കാലം. 

കാണ്‍പുരിലെ ദയാനന്ദ് ആംഗ്ലോ വേദിക് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. സംഘപരിവാര്‍ രാഷ്ട്രീയത്തിനോട് ചേര്‍ന്നു നിന്ന അദ്ദേഹം തുടക്കകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എഐഎസ്എഫില്‍ ആയിരുന്നു. പിന്നീട് ആര്യ സമാജത്തിന്‍റെ യുവജന പ്രസ്ഥാനത്തില്‍ അംഗമായി. ദീന്‍ ദയാല്‍ ഉപാധ്യായില്‍ ആകൃഷ്ടനായതോടെ ആര്‍എസ്എസിന്‍റെ സജീവ പ്രവര്‍ത്തകനായി വാജ്പേയ് മാറി. 

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം മറവി രോഗം കീഴ്പ്പെടുത്തിയതോടെ വീടിനുള്ളിലേക്ക് അദ്ദേഹം ഒതുങ്ങി. 2014ല്‍ ഭാരത്‍രത്നം നല്‍കി രാജ്യം വാജ്പേയിയെ ആദരിച്ചു. സംഘപരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് പോലും സ്വീകാര്യനായ വ്യക്തി എന്നതാണ് മറ്റ് നേതാക്കളില്‍നിന്ന് വാജ്പേയിയെ വ്യത്യസ്തനാക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios